കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരെ ചിരിച്ച മുഖത്തോടെ സ്വീകരിക്കാന്‍ ഇനി സുജാതയില്ല; മേപ്പയ്യൂര്‍ സ്വദേശിയുടെ മരണത്തിനിടയാക്കിയത് രക്തത്തിലുണ്ടായ അണുബാധ


മേപ്പയ്യൂര്‍: ബസിലെത്തുന്ന യാത്രക്കാരോട് കുശലാന്വേഷണം നടത്തി ബെല്ലടിക്കാന്‍ ഇനി സുജാതയില്ല. തൊട്ടില്‍പ്പാലം ഡിപ്പോയിലെ കണ്ടക്ടറും മേപ്പയ്യൂര്‍ സ്വദേശിയുമായാ സുജാതയാണ് രക്തത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. നാല്‍പ്പത്തിയാറാമത്തെ വയസ്സിലാണ് അണുബാധയുടെ രൂപത്തില്‍ മരണം സുജാതയെ കവര്‍ന്നെടുത്തത്.

സുജാതയ്ക്ക് കാലു വേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ മരുന്നുകള്‍ കഴിച്ചിട്ടും രോഗത്തിന് ശമനമില്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് നിരവധി പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും വേദനയുടെ കാരണം കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയത്.

നിരവധി ദിവസത്തെ ചികിത്സയ്ക്ക് ശേഷം സെപ്തംബര്‍ 29 ആം തിയ്യതി വീട്ടിലേക്ക് വന്നു. എന്നാല്‍ വീണ്ടും പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്ക് അണുബാധബാധ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുജാത മരണത്തിന് കീഴടങ്ങിയത്.

നിരവധി പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും സുജായുടെ ശരീരത്തില്‍ അണുബാധ എങ്ങനെ എത്തി എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് ബന്ധുവായ ജിനീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബ്ലഡ് സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ളവ വിവിധ സ്ഥലങ്ങളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലാണ് യഥാര്‍ത്ഥ കാരണം എന്തെന്ന് വ്യക്തമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

കാല് വോദന വരുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സുജാതയ്ക്ക കൊവിഡ് ബാധിച്ചത്. എന്നാല്‍ കൊവിഡ് മാറിയ ശേഷം സുജാത ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. പെട്ടെന്നുള്ള സുജായതയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് കുടുംബക്കാരും നാട്ടുകാരും.

പരേതനായ ഇ.സി കുഞ്ഞിരാമന്‍ നമ്പ്യാരുടെയും സരോജിനിയമ്മയുടെയും മകളാണ്. ഭര്‍ത്താവ് കെ.വി സുധാര്‍ (കേരള പൊലീസ്, കുറ്റ്യാടി). മക്കള്‍: മണികര്‍ണ്ണിക, ഋതുകര്‍ണ്ണിക (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍ ഗീത (എ.ജി.പി ഓഫീസ്, കൊയിലാണ്ടി), സലീഷ്, സജിത, സജീഷ് (പി.ഡബ്ല്യു.ഡി, കോഴിക്കോട് സിവില്‍).