കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിന്റെ ബലക്ഷയം: ആര്‍ക്കിടെക്ടിനും കരാര്‍ കമ്പനിയ്ക്കുമെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന കണ്ടെത്തലില്‍ ആര്‍ക്കിടെക്ടിനും കരാര്‍ കമ്പനിക്കുമെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം. പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍.കെ രമേശിനെതിരെയും കരാറുകാരായ കെ.വി ജോസഫ് ആന്‍ഡ് സണ്‍സ് കമ്പനിയ്‌ക്കെതിരെയും നിയമനടപടിയെടുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു.
കെട്ടിടത്തിന്റെ ബലക്ഷയം തീര്‍ക്കാനുള്ള ചെലവ് നിയമനടപടികള്‍ വഴി ഇവരില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ കെ.ടി.ഡി.എഫ്.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
3,70,244 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം 75 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. 2009ല്‍ ആരംഭിച്ച നിര്‍മാണം 2015ലാണ് പൂര്‍ത്തിയായത്. ബൃഹത്തായ കെട്ടിടത്തില്‍ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ഈ മുറികള്‍ കാലിയായി തന്നെ തുടര്‍ന്നു. 2021 ഫെബ്രുവരി 17ലെ മന്ത്രിസഭായോഗം അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരമാണ് 30 വര്‍ഷത്തെ കരാറിന് ആലിഫ് ബില്‍ഡേഴ്സിന് കെട്ടിടം നടത്തിപ്പിന് നല്‍കിയിരുന്നു.