കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും; വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ്


കോഴിക്കോട്: ലീഗ് നേതാവ് കെ.എം.ഷാജിയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജിലന്‍സ് നോട്ടീസ് നല്‍കി. കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ കണക്കും സ്വര്‍ണത്തിന്റെ ഉറവിടവും വിജിലന്‍സിന് മുമ്പാകെ ഹാജരാക്കേണ്ടി വരും.

കണ്ണൂര്‍ ചാലാടിലെ വീട്ടില്‍ ഏപ്രില്‍ 12-ന് നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് അരക്കോടി രൂപയാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.

കണ്ണൂര്‍ ചാലോടിലും വിജിലന്‍സ് പരിശോധന നടത്തി. 2012 മുതല്‍ 2021 വരെയുള്ള 9 വര്‍ഷം കൊണ്ട് ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനയുണ്ടായി എന്ന് വിജിലന്‍സി കണ്ടെത്തി. കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അരക്കോടി രൂപ കണ്ടെത്തി. ആ പണത്തിന് രേഖയുണ്ടെന്നും, ബന്ധു സ്ഥലക്കച്ചവടത്തിനായി വീട്ടില്‍ കൊണ്ടുവച്ച പണമാണെന്നും, രേഖ ഹാജരാക്കാന്‍ രണ്ട് ദിവസത്തെ സമയം വേണമെന്നുമായിരന്നു ഷാജിയുടെ വിശദീകരണം.

കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടില്‍ നിന്ന് 39,000 രൂപയുടെ വിദേശ കറന്‍സികള്‍, 400 ഗ്രാം സ്വര്‍ണ്ണം, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകള്‍, 72 മറ്റ് രേഖകള്‍ എന്നിവയും വിജിലന്‍സ് കണ്ടെത്തി. വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരത്തില്‍ ഉള്ളവയായണെന്നായിരുന്നു ഷാജി പറഞ്ഞത്. പരിശോധനാ റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിജിലന്‍സ് കറന്‍സി തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇവ കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കേണ്ടി വരുമെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. അതേസമയം വീട്ടില്‍ നിന്ന് 400 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തെന്ന് റെയ്ഡിന് ശേഷം കെ എം ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വന്തം കൈവശമുള്ളതായി 160 ഗ്രാം സ്വര്‍ണം മാത്രമാണ് കാണിച്ചിട്ടുള്ളത്.