കൃഷിയിടങ്ങളിലെ വന്യജീവി ശല്യം തടയാന്‍ 600 കോടി രൂപയുടെ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു


പേരാമ്പ്ര: വനമേഖലകളോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി ശല്യം തടയാന്‍ 600 കോടി രൂപയുടെ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാനത്തെ വനമേഖലയോടു ചേര്‍ന്ന കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനും വന്യജീവി സംരക്ഷണത്തിനുമുള്ള പദ്ധതി കിഫ്ബിയിലൂടെയാണ് നടപ്പാക്കുന്നത്.

ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശമായ പേരാമ്പ്ര മണ്ഡലത്തിലെ മുതുകാട്, ചെങ്കോട്ടകൊല്ലി, ആലംപാറ പന്തിരിക്കര, കൂത്താളി, തുടങ്ങിയ മേഖലകളില്‍ പതിറ്റാണ്ടുകളായി കാട്ടുമൃഗ ശല്യത്താല്‍ ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് പദ്ധതി. വനമേഖലകളോട് ചേര്‍ന്ന് വൈദ്യുതി വേലി നിര്‍മ്മിക്കാനും കിടങ്ങുകള്‍ കാര്യക്ഷമമാക്കാനും കാട്ടുമൃഗങ്ങള്‍ക്ക് വെള്ളം ഭക്ഷണവും ഒരുക്കുന്നതിനുള്ള പദ്ധതി പ്രൊജക്ടില്‍ വിഭാവനം ചെയ്യുന്നുണ്ട്.

കാട്ടു മൃഗങ്ങള്‍ അതിക്രമിക്കാതിരിക്കാന്‍ ജൈവവേലി നിര്‍മ്മിക്കുന്നതിനും മേഖലയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കാട്ടു മൃഗങ്ങളെ അകറ്റുന്നതിനും ഇതിനു വേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും പദ്ധതി തയ്യാറാക്കി വരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാതാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.