കൂലിപ്പണിക്കുപോലും പോകാനാകാതെ ക്യാന്‍സറിന്റെ പിടിയില്‍ ദമ്പതിമാര്‍; ഒപ്പം വീട് ജപ്തി ചെയ്യുമെന്ന ഭീഷണിയും; മൂന്നുവയസുകാരനെയുംകൊണ്ട് എങ്ങോട്ട് പോകണമെന്നറിയാതെ മണിയൂര്‍ സ്വദേശികള്‍


മണിയൂര്‍: മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലെ പാറയില്‍ സതീശനും കുടുംബത്തിനും മുമ്പില്‍ ഇനിയുള്ള ജീവിതം വലിയൊരു ചോദ്യചിഹ്നമായി കിടക്കുകയാണ്. സതീശനും ഭാര്യ നസീറയ്ക്കും ക്യാന്‍സറാണ്. മൂന്നുവയസുള്ള ഒരു മകനുണ്ട്. പണിതീരാത്ത ഒരു വീടും. അതുണ്ടാക്കാനായി ബാങ്കില്‍ നിന്നും വായ്പയെടുത്തത് കുടിശ്ശികയായി ജപ്തിനോട്ടീസും വന്നിട്ടുണ്ട്. ഇറങ്ങിപ്പോകാന്‍ മറ്റൊരിടവുമില്ല. എന്തെങ്കിലുമൊരു വഴിതെളിയുമെന്ന പ്രതീക്ഷമാത്രമാണ് ഇന്ന് ഇവരെ ജീവിപ്പിക്കുന്നത്.

കൂലിപ്പണിക്കാരനായിരുന്നു സതീശന്‍. ഉള്ളത് മിച്ചംവെച്ചും ബാങ്കില്‍ നിന്നും ഭവനവായ്പയെടുത്തും 2016ല്‍ വീടുപണി തുടങ്ങി. നാലുവര്‍ഷം മുമ്പാണ് സതീശന് ജോലിക്കിടെ നടുവേദന അനുഭവപ്പെട്ടത്. ചികിത്സയില്‍ നട്ടെല്ലിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു.

തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ 25 റേഡിയേഷന്‍ നടത്തി. ഇതിനിടെ നസീറ ഗര്‍ഭിണിയായി. നാലുമാസം പൂര്‍ത്തിയായ സമയത്ത് തലചുറ്റല്‍ ബാലന്‍സ് തെറ്റല്‍ എന്നീ പ്രശ്‌നങ്ങളുമായി ചികിത്സ തേടിയപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത്. പിന്നെ ഒരു വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ മകന്‍ പിറന്നു. പ്രസവശേഷം വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ചികിത്സയ്ക്കായി നാട്ടുകാര്‍ തുക സമാഹരിച്ചു നല്‍കുകയായിരുന്നു.

സതീശന് ഇപ്പോള്‍ പഴയതുപോലെ കൂലിപ്പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇടയ്ക്ക് തൊഴിലുറപ്പ് ജോലിക്ക് പോകും. ഭവനവായ്പയുടെ തിരിച്ചടവ് തെറ്റിയതോടെ 5.85 ലക്ഷം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്നും നോട്ടീസ് വന്നു. നിലവിലെ അവസ്ഥ ബാങ്കിനെ ബോധ്യപ്പെടുത്തി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പലിശ ഇളളവ് നല്‍കാമെന്നും മുതല്‍ തിരിച്ചടക്കണമെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. അതിനു പറഞ്ഞ തിയ്യതിയും കഴിഞ്ഞു. എല്ലാം കൈവിട്ട് തെരുവിലേക്ക് ഇറങ്ങേണ്ടിവരുമോയെന്ന പേടിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. സതീശന്റെ ഫോണ്‍- 9846917554.