കൂരാച്ചുണ്ടില്‍ പൂച്ചകള്‍ വ്യാപകമായി ചത്തത് വൈറസ് ബാധമൂലമെന്ന് സ്ഥിരീകരണം


ബാലുശേരി: കൂരാച്ചുണ്ട് പഞ്ചായത്തിലെ കാളങ്ങാലിയില്‍ പൂച്ചകള്‍ വ്യാപകമായി ചത്തത് വൈറസ് ബാധമൂലമാണെന്ന് സ്ഥിരീകരണം. കണ്ണൂര്‍ റീജണല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഫൈലൈന്‍പാര്‍ വോ വൈറസിനെ കണ്ടെത്തിയത്.

ഒരാഴ്ചയ്ക്കകം പ്രദേശത്തെ വിവിധ വീടുകളിലായി അമ്പതോളം പൂച്ചകള്‍ ചത്തതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. വൈറസ് അസുഖമായതിനാല്‍ പൂച്ചകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കണം.

രോഗം മറ്റു പൂച്ചകളിലേക്ക് പകരുന്നതിനാല്‍ സമ്പര്‍ക്കം ഒഴിവാക്കണമെന്നും, പൂച്ചകളെ വാക്‌സിനേറ്റ് ചെയ്ത് സുരക്ഷിതരാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരുന്ന വൈറസ് അല്ലാത്തതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല.