കൂരാച്ചുണ്ടില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി


കൂരാച്ചുണ്ട് : കൂരാച്ചുണ്ട് കൈതക്കൊല്ലിയിൽ മാരുതിവാനിൽ വന്ന സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് അടുത്തുള്ള കടയിൽനിന്ന്‌ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസുകാരനെ തൂവാലകൊണ്ട് മുഖം മറയ്ക്കുകയും കൈയിൽ ഗ്ലൗസ് ഇടുകയും ചെയ്ത ഒരാൾ വാനിൽനിന്ന്‌ പിടിക്കാൻ ശ്രമിച്ചതായാണ് പരാതി.

കോവിഡ് വ്യാപനം കൂടുതലായ പഞ്ചായത്ത് ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോണിലായതിനാൽ റോഡിൽ ആളുകൾ കുറവായിരുന്നു. പേടിച്ചുപോയ കുട്ടി സൈക്കിളിന്റെ വേഗം കൂട്ടി വീട്ടിലെത്തുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.