കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട; 36 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ


കോഴിക്കോട്: ജില്ലയിൽ വൻ കഞ്ചാവുവേട്ട. മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലായി നടത്തിയ പരിശോധനയിലാണ് 36 കിലോ കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും, എക്‌സൈസ് സൈബർ സെല്ലും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

കോഴിക്കോട് കുമ്പാറയിൽ നിന്ന് 10.5 കിലോ കഞ്ചാവാണ് പിടികൂടിയത്. മലപ്പുറം കാളികാവ് സ്വദേശികളായ മുഹമ്മദ് ഹാഷിർ, സുഫൈൽ, ഷാബിൻ ചന്തക്കുന്ന് എന്നിവരാണ് ജില്ലയിൽ പിടിയിൽ ആയത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്.

വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനാണ് നിലമ്പൂർ കാളികാവ് തൊണ്ടയിൽ വീട്ടിൽ യൂസുഫ് മകൻ സുഫൈൽ. നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയും, ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലും ഇയാൾക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിനു കോടതി വിലക്കുണ്ടായിരുന്നു. അതിനാൽ സുഫൈലും കൂട്ടാളികളും കൂമ്പാറയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഒളിത്താവളത്തിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാന എക്സൈസ് പാർട്ടി മുത്തങ്ങ എക്സൈസ്‌ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്തുകയായിരുന്ന മലപ്പുറം പാണ്ടിക്കാട് കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് മുബഷീറിനെ അറസ്റ്റ് ചെയ്തത്. 18.250 കിലോ കഞ്ചാവാണ് ഇയാൾ ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ചത് .ഇന്നോവ കാറിന്റെ അടിഭാഗത്തും എഞ്ചിൻ റൂമിലുമുള്ള രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

മുഹമ്മദ് മുബഷീറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിൽ ബസ്സിൽ കടത്തി കൊണ്ട് വന്ന 8 കിലോഗ്രാം കഞ്ചാവുമായി മഞ്ചേരി കുട്ടിപ്പാറ വെച്ച് മേലാറ്റൂർ ഏപ്പിക്കാട് സ്വദേശിയെ എക്‌സൈസ് പിടികൂടി.

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് സുഫൈലിന്റെയും കൂട്ടാളികളുടെയും വിവരം ലഭിക്കുന്നത്.

മഞ്ചേരി എക്സൈസ് കമ്മീഷണർ മുഹമ്മദ് ശഫീക്, റേഞ്ച് ഇൻസ്പെക്ടർ വി.പി.ജയപ്രകാശ്, അസി. ഇൻസ്പെക്ടർ ടി. ഷാജു മോർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.