കൂത്തുപറമ്പ് ചോരപ്പുഴയായ ദിനം; അന്ന് കൊയിലാണ്ടിയും കത്തി ജ്വലിച്ചു, തെരുവ് സമരാഗ്നിയായി പടർന്നു


 

സ്വന്തം ലേഖകൻ
കൊയിലാണ്ടി: കെട്ടുകഥകളേക്കാൾ വിചിത്രമായ അനുഭവങ്ങളായിരുന്നു അന്നേ ദിവസം കൂത്തുപറമ്പിനെ കാത്തിരുന്നത്. 1994 നവംബർ 25, ചിന്തകൾക്ക് ചിന്തേരിടുമ്പോൾ 27 വർഷങ്ങൾക്കു മുൻപിലെ കൂത്തുപറമ്പ് വെടിവെപ്പ് സംഭവത്തിനു ഇന്നും ചോരമയം.

കൂത്തുപറമ്പിൽ യുവജന സമരത്തിന് നേരെയുള്ള പോലീസ് വെടിവെപ്പിൽ അഞ്ച് യുവാക്കളാണ് കൊല്ലപ്പെട്ടത്.
ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച മന്ത്രിമാരെ വഴിയിൽ തടയൽ സമരത്തിന്റെ ഭാഗമായി അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എം.വി.രാഘവനെ തടഞ്ഞ് കരിങ്കൊടി കാട്ടാനെത്തിയ യുവജന സമരക്കാർക്ക് നേരെ നടത്തിയ പോലീസ് വെടിവെപ്പിലാണ് അഞ്ച്‌ യുവാക്കൾ മരിച്ചു വീണത്. നിരവധിപ്പേർക്ക് പരിക്കേറ്റു.

കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവങ്ങൾക്കായിരുന്നു അന്ന് കൂത്തു പറമ്പ് സാക്ഷിയായത്. സംഭവം കാട്ടുതീ പോലെ പറക്കാൻ അധികം നേരം വേണ്ടി വന്നില്ല. കേരളമാകെ പ്രതിഷേധാഗ്നി പുകഞ്ഞു. നാടാകെ കലാപകലുഷിതമായി. മൂർച്ചയേറിയ ആയുധങ്ങളും അതിലും മൂർച്ചയേറിയ മനസ്സുമായി പ്രവർത്തകർ തെരുവിലിറങ്ങി നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടായി.

 

കൊയിലാണ്ടിയിലും സ്ഥിതി വ്യത്യസ്ഥമായിരുനില്ല. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധവുമായി തെരുവുകളിലിറങ്ങി. കൊയിലാണ്ടി പട്ടണത്തിൽ പല സ്ഥലങ്ങളിലും പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. സർക്കാർ വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. നിരത്തുകൾ വിജനമായി. കൊയിലാണ്ടി പോലീസ് സ്റ്റേഷനു നേരെയും ആക്രമണമുണ്ടായി. നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർചെറിയാൻ ഫിലിപ്പിന് പ്രവർത്തകരുടെ ആക്രമത്തിൽ പരിക്കേറ്റു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് പല തവണ ആകാശത്തേക്ക് വെടിവെച്ചു.

കൂടുതൽ പോലീസുകാരെത്തി പോലീസ് ശക്തമായി തിരിച്ചടിക്കാനാരംഭിച്ചു. പിന്നീട് നഗരത്തിൽ പോലീസ് നരനായാട്ടായിരുന്നു. നേതാക്കളും നിരവധി പ്രവർത്തകരും കൊയിലാണ്ടി നഗരത്തിലെ പാർട്ടി ഏരിയ കമ്മറ്റി ഓഫീസിൽ കേന്ദ്രീകരിച്ചു. പോലീസ് പാർട്ടി ഓഫീസിൽ കയറുന്നത് എന്തുവിലകൊടുത്തും പ്രതിരോധിക്കണമെന്ന് അന്നത്തെ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന എൻ.വി. ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു. സായുധരായ പോലീസ് ഓഫീസ് വളഞ്ഞു. ദീർഘനേരത്തെ സംഘർഷത്തിനൊടുവിൽ പോലീസ് ഓഫീസിലേക്ക് ഇരച്ചുകയറി എൻ.വി.ബാലകൃഷ്ണനെയും അന്നത്തെ യുവജന നേതാക്കളായിരുന്ന ടി.കെ.ചന്ദ്രൻ, കെ.സത്യൽ ഉൾപ്പടെ 37 പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി.

ലോക്കപ്പിൽ പിന്നീട് നടന്നത് പോലീസിന്റെ ക്രൂരമായ മർദ്ദനമുറകളായിരുന്നു. നേതാക്കളെയും പ്രവർത്തകരെയും വിവസ്ത്രരാക്കി ഒറ്റയ്ക്കും കൂട്ടമായും ആക്രമിച്ചു. ബൂട്ടു കൊണ്ട് ചവിട്ടിയും, ചെരുപ്പു കൊണ്ട് മുഖത്തടിച്ചുമായിരുന്നു ചില പോലീസുകാർ ദേഷ്യം തീർത്തതെന്ന് ഇപ്പോഴത്തെ സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കൂടിയായ ടി.കെ.ചന്ദ്രൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രാത്രിയോടെ ടി.പി.ദാസന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ സ്റ്റേഷനിലെത്തി അറസ്റ്റ് ചെയ്ത പ്രവർത്തകരെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെ പോലീസ് വഴങ്ങി. പാതിരാത്രി ചെങ്ങോട്ടുകാവിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ വീട്ടിൽ അന്ന് അറസ്റ്റിലായ 43 പ്രതികളെയും ഹാജരാക്കി റിമാൻഡ് ചെയ്തു. നിയമം കയ്യിലെടുത്തു, പോലീസ് സ്റ്റേഷൻ ആക്രമിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 24 ദിവസമാണ് പ്രവർത്തകർ കോഴിക്കോട് ജില്ല ജയിലിൽ കഴിഞ്ഞത്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതേ സംഭവത്തിൽ അറസ്റ്റിലായ നൂറുകണക്കിന് പ്രവർത്തകർ അന്ന് ജില്ല ജയ്ലിൽ ഉണ്ടായിരുന്നു. ജയിലിലെ ഭക്ഷണം മോശമായതിനെ തുടർന്ന് ഒരു ദിവസം ജയിലിൽ ഭക്ഷണമുപേക്ഷിച്ച് സമരം ചെയ്തതും, കക്കൂസിന് ഡോറില്ലാത്ത വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എം.എൽ.എ ആയിരുന്ന എ.കണാരൻ ജയിൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഡോറ് വെപ്പിച്ചതും. എം.എ.ബേബിയും മത്തായി ചാക്കോയും ഉൾപ്പടെയുള്ള സഖാക്കൾ ജയിലിൽ സന്ദർശിക്കാൻ വന്നതും മരിക്കാത്ത ജയിൽ അനുഭവങ്ങളായി ടി.കെ.ചന്ദ്രൻ ഓർത്തെടുത്തു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ സഖാക്കൾക്ക് നാട്ടിലുടനീളം പാർട്ടിയുടെ നേതൃത്വത്തിൽ സ്വീകരണ പരിപാടികൾ നടന്നു. നീണ്ട പതിനഞ്ച് വർഷത്തെ കേസ് നടത്തിപ്പിന് ശേഷം 2009 ൽ ഏഴ് ദിവസത്തെ തുടർച്ചയായ വിചാരണയ്ക്ക് ശേഷം മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. വീണ്ടുമൊരു കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം കൂടി കടന്നുപോകുമ്പോൾ മരിക്കാത്ത ഓർമ്മകളുടെ കടലിരമ്പങ്ങളിലാണ് കൊയിലാണ്ടിയിലെയും സഖാക്കൾ.