കൂത്താളിയിൽ വാഹനാപകടത്തില്‍ മരിച്ച അഹല്യ കൃഷ്ണയുടെ വീട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു


പേരാമ്പ്ര: കഴിഞ്ഞ ദിവസം കടിയങ്ങാട്ട് വാഹനാപകടത്തില്‍ മരിച്ച അഹല്യ കൃഷ്ണയുടെ വീട് മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയായിരുന്നു അഹല്യയുടെ അപ്രതീക്ഷിത മരണം. അഹല്യ ഓടിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു അഹല്യയുടെ ദാരുണാന്ത്യം. കൂത്താളി രണ്ടേ ആറിലെ വളവിലുള്ള കള്ളുഷാപ്പിന് സമീപത്ത് വച്ചായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ 11 മണിക്ക് അഹല്യയുടെ ചേതനയറ്റ ശരീരം അഹല്യ പഠിച്ചിരുന്ന പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനായി സ്‌കൂള്‍ മുറ്റത്ത് എത്തിയത്.

അഹല്യക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എം.കെ രാഘവന്‍ എം.പി, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, സെന്റ് ഫ്രാന്‍സിസ് സ്‌ക്കൂള്‍ മാനേജര്‍ ഫാ. ടിന്റോ ജോസഫ്, പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്ലി , പിടിഎ പ്രസിഡന്റ് മുസ്തഫ എന്നിവരും സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും എത്തി.

തുടര്‍ന്ന് കൂത്താളി ആര്‍പ്പാംകുന്നത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.