കൂത്താളിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; ആറാം വാര്‍ഡിലേക്കുള്ള റോഡുകള്‍ അടച്ചു, കൊവിഡ് വ്യാപനം തടയാന്‍ മെഗാ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


കൂത്താളി: കുത്താളി പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്. കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ആറാം വാര്‍ഡിലേക്കുള്ള പോക്കറ്റ് റോഡുകള്‍ അടച്ചു. പ്രധാന പാതയിലൂടെ മാത്രമേ ഇനി വാര്‍ഡിലേക്ക് പ്രവേശനം അനുവദിക്കൂ. കൊവിഡ് വ്യാപനം തടയുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. വാര്‍ഡ് അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കയെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്യാമ്പുകള്‍ സംഘടിപ്പിക്കും. ടി പി ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളില്‍ ആയതിനാല്‍ പഞ്ചായത്ത് കാറ്റഗറി ഡി യിലാണ് ഉള്‍പ്പെടുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദനീയമല്ല.

നിലവില്‍ 190 ഓളം കൊവിഡ് പോസിറ്റീവ് കേസുകളാണ് പഞ്ചായത്തിലുള്ളത്. ഇവരില്‍ 70 ന് മുകളില്‍ ആളുകളും ആറാം വാര്‍ഡില്‍ നിന്നാണ്. ഇതിനെ തുടര്‍ന്നാണ് വാര്‍ഡിലേക്കുള്ള പോക്കറ്റ് റോഡുകള്‍ അടയ്ക്കാന് പഞ്ചായത്ത് തീരുമാനിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് പഞ്ചായത്ത് കാറ്റഗറി ഡി യില്‍ തുടരുന്നത്. കൊവിഡ് ടെസ്റ്റിന് വരാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നതാനാലാണ് പഞ്ചായത്തിലെ ടി പി ആര്‍ നിരക്ക് ഉയരാന്‍ കാരണമെന്ന് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിലെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അവശ്യ സര്‍വ്വീസുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഹോട്ടലുകള്‍ക്കും നിബന്ധന ബാധകമാണ്. പാര്‍സല്‍/ഹോം ഡെലിവറി മാത്രമേ നടത്താന്‍ സാധിക്കുള്ളൂ.

പോലീസിന്റെയും സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാണ്. പഞ്ചായത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആര്‍ ആര്‍ടി വളണ്ടിയര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ മാസത്തില്‍ ഒരു തവണ കൊവിഡ് ടെസ്റ്റിന് വിധേയമാകണം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കുന്നവര്‍ക്ക് മാത്രമാണ് കടകളും മറ്റും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നിബന്ധന ബാധകമാണ്. ഇവരും മാസത്തിലൊരിക്കല്‍ കൊവിഡ് ടെസ്റ്റ് നടത്തണം.