കൂത്താളിയിലെ സി.ഡി.എസ് അംഗത്തിന്റെ രാജി വിവാദത്തില്‍


പേരാമ്പ്ര: കൂത്താളിയില്‍ പുതുതായി തെരഞ്ഞെടുത്ത സി.ഡി.എസ് അംഗം രാജിവെച്ചത് വിവാദത്തില്‍. കൂത്താളി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ സി.ഡി.എസ് അംഗമാണ് രാജിവെച്ചത്. വാര്‍ഡിലെ സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദഫലമായാണ് സജീവ പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ അംഗം രാജിവെച്ചതെന്ന് കാണിച്ച് വളയം കണ്ടത്തില്‍ പോസ്റ്റര്‍ ഇറങ്ങി. വളയം കണ്ടം സി.പി.എം അനുഭാവികളെന്ന പേരിലാണ് പോസ്റ്റര്‍ ഇറക്കിയത്.

‘വളയം കണ്ടത്തിലെ പാര്‍ട്ടി പണാധിപത്യത്തിലേക്കോ’? എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. സി.ഡി.എസ് ആയി തെരഞ്ഞെടുക്കപ്പെട്ട വിധവയായ സ്ത്രീയെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ച ലോക്കല്‍ – ബ്രാഞ്ച് സെക്രട്ടറിമാര്‍ അപമാനം. പാവപ്പെട്ട കുടുംബത്തെ അപമാനിച്ച സെക്രട്ടറിമാര്‍ മാപ്പുപറയുക’ തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് പഞ്ചായത്തില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് നടന്നത്. സി.ഡി.എസ് അംഗത്തിന്റെ തെരഞ്ഞെടുപ്പില്‍ രണ്ട് പേരാണ് മത്സരിച്ചത്. ഇതില്‍ ഒമ്പതില്‍ അഞ്ച് വോട്ട് നേടി ജയിച്ച വ്യക്തിയാണ് അംഗത്വം രാജിവെച്ചത്. രാജി വെച്ച വ്യക്തി പട്ടികജാതിക്കാരിയും സജീവ പാര്‍ട്ടി പ്രവര്‍ത്തകയുമാണ്. ഇവരുടെ രാജി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.