കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനില്‍ക്കെ കാല്‍ തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം; അപകടം കോട്ടയത്ത്


കോട്ടയം: കാല്‍തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെയും ഷൈനിയുടെയും മകന്‍ ആല്‍ഫ്രഡ് ജോണിയാണ് മരിച്ചത്. കൂട്ടുകാര്‍ കുളത്തില്‍ കുളിക്കുന്നത് നോക്കിനില്‍ക്കുമ്പോള്‍ ആല്‍ഫ്രഡ് കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം.

ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നതുകണ്ട കൂട്ടുകാര്‍ ഉടന്‍തന്നെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു. പിന്നാലെ സമീപത്തെ സെന്റ് ജോര്‍ജ് ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലറ സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

മൃതദേഹം മുട്ടുചിറ എച്ച്.ജി.എം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആന്‍മരിയ ഏക സഹോദരിയാണ്. കടുത്തുരുത്തി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.