കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ശേഷം കരിയാത്തുംപാറ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കും
കോഴിക്കോട്: കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതിനു ശേഷം കൂരാച്ചൂണ്ട് കരിയാത്തുംപാറ വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനം. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന ടി.എം.സി കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
കരിയാത്തുംപാറയിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇവിടെ ലൈഫ് ഗാർഡുകളെ നിയമിക്കും. തോണിക്കടവിലെ ബോട്ട് സർവ്വീസ് ആരംഭിക്കുന്നത് വേഗത്തിലാക്കും. ഹൃദയ ദ്വീപിൻ്റെ വികസനത്തിനായി ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസുമായി കൂടിയാലോചിച്ച് നടപടി വേഗത്തിലാക്കാനും തീരുമാനിച്ചു.