കൂടുതല്‍ ഉല്ലാസയാത്രകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി; കോഴിക്കോട്ടുനിന്നുള്ള ഗവി സര്‍വീസ് പത്തു ദിവസത്തിനകം


കോഴിക്കോട്: കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നും വിനോദ സഞ്ചാരികളുടെ പറുദീസയുമായ ഗവിയിലേക്ക് ടൂറിസ്റ്റ് സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി. കോഴിക്കോട്ടുനിന്നുള്ള ഗവി സര്‍വീസ് പത്തു ദിവസത്തിനകം ആരംഭിക്കും. ഇതിനായുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി.

സഞ്ചാരികളെ പത്തനംതിട്ടയില്‍ എത്തിച്ച്, അവിടെനിന്ന് സെമി ബസില്‍ ഗവിയില്‍ കൊണ്ടുപോകും. ഇതിനായി 16 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബസാണ് ഒരുക്കുന്നത്. പത്തനംതിട്ടയില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് മണിയാര്‍, മൂഴിയാര്‍, കക്കി, ആനത്തോട് വഴി ഗവിയിലെത്തും. ഒരു രാത്രി ബസില്‍ത്തന്നെ ഗവിയില്‍ താമസിക്കാനുള്ള സൗകര്യവും ഒരുക്കും. വനംവകുപ്പിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുന്നത്.

ഇത് കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാകും യാത്രകള്‍. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ ബജറ്റ് ടൂറിസം സെല്‍ പദ്ധതിയില്‍പ്പെടുത്തിയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്.

കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള യാത്രാപാക്കേജിന്റെ ആദ്യഘട്ടത്തില്‍ വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. ഒരുദിവസംകൊണ്ട് വയനാട്ടിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങാവുന്ന വിധത്തില്‍ പദ്ധതി നടപ്പാക്കും. ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസത്തോടെ ടൂറിസം സര്‍വീസുകള്‍ പൂര്‍ണ തോതില്‍ നടപ്പാക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി.

ഒക്ടോബര്‍ 23- നാണ് ബജറ്റ് ടൂറിസം സെല്‍ എന്ന പേരില്‍ പ്രത്യേക വിഭാഗം കെഎസ്ആര്‍ടിസി തുടങ്ങിയത്. മലപ്പുറം –മൂന്നാര്‍ ടൂറിസം സര്‍വീസിന്റെ വമ്പിച്ച വിജയത്തിനു പിന്നാലെയാണ് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. കെഎസ്ആര്‍ടിസി സര്‍വീസ് കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് താമസ സൗകര്യം നല്‍കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ മൂന്നാറില്‍ മാത്രമാണ് കെഎസ്ആര്‍ടിസി ബസ്സില്‍ അന്തിയുറക്കത്തിന് സൗകര്യം. ഇത് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. യാത്രക്കാരുടെ താല്‍പ്പര്യമനുസരിച്ച് ഏകദിന ഉല്ലാസയാത്രകള്‍ക്കാണ് കെഎസ്ആര്‍ടിസി പ്രധാന്യം നല്‍കുന്നത്.