കൂടരഞ്ഞിയില്‍ കൃഷിയിടത്തിലെ വെള്ളക്കെട്ടിലകപ്പെട്ട ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
തിരുവമ്പാടി: വെള്ളക്കെട്ടിലകപ്പെട്ട ആറ് കാട്ടു പന്നികളെ വനംവകുപ്പിന്റെ എംപാനല്‍ ലിസ്റ്റില്‍പ്പെട്ടവരെത്തി വെടിവെച്ചുകൊന്നു. ബുധനാഴ്ച രാവിലെ കൂടരഞ്ഞി മുതുവമ്പായി കത്തിയാങ്കല്‍ ബെന്നി ജോസഫിന്റെ കൃഷിയിടത്തിലാണ് സംഭവം.
ഒന്നരവയസ്സുള്ള പന്നികളാണ് കൊല്ലപ്പെട്ടത്. പ്ലാക്കാട്ടില്‍ ബാബു ജോസഫ്, പുതിയേടത്ത് അഗസ്ത്യന്‍ ജോസ് എന്നിവരാണ് വെടിവെച്ചത്. പീടികപ്പാറ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എ. പ്രസന്നകുമാറിന്റെ നിര്‍ദേശപ്രകാരം വനം വകുപ്പ് ജീവനക്കാരായ പ്രശാന്തന്‍, ജലീസ്, മുഹമ്മദ്, രാജീവന്‍, വിനീഷ്, കരീം എന്നിവരടങ്ങിയ സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.കാട്ടുപന്നികളുടെ ജഡം സ്ഥലത്ത് തന്നെ കുഴിയെടുത്തു സംസ്‌കരിച്ചു. ഗ്രാമപ്പഞ്ചായത്തംഗം റോസിലിയും സ്ഥലത്തെത്തി.