കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി തന്നെ മത്സരിക്കും; ആവേശത്തോടെ പ്രവർത്തകർ


കുറ്റ്യാടി: കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതാവ് കെ.പി.കുഞ്ഞമ്മദ് കുട്ടി തന്നെ മത്സരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പാർട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗവും, മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമാണ് കുഞ്ഞമ്മദ് കുട്ടി.

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ്സിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതോടെ പാർട്ടിയെ ആകെ പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതിഷേധമാണ് ഉയർന്നത്. ജനകീയനായ മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. പിന്നാലെ കുറ്റ്യാടിയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ.മാണി അറിയിക്കുകയായിരുന്നു.

കെ.പി.കുഞ്ഞമ്മദ് കുട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടി. കുറ്റ്യാടി മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാക്കാന്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന മണ്ഡലം തെരെഞ്ഞെടപ്പു കണ്‍വന്‍ഷന്‍ ആയഞ്ചേരിയില്‍ നടന്നു. പ്രവര്‍ത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനം നേതൃത്വം കൈക്കൊണ്ട സാഹചര്യത്തില്‍ വന്‍ജനാവലിയാണ് പരിപാടിക്കെത്തിയത്.

കുഞ്ഞമ്മദ് കുട്ടിയെ ആര്‍പുവിളിയോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. കണ്‍വന്‍ഷന്‍ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫും ബിജെപിയും കൈകോര്‍ത്തിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കരീം പറഞ്ഞു. പി സുരേഷ് ബാബു അധ്യക്ഷനായി.

സ്ഥാനാര്‍ഥി കെ പി കുഞ്ഞമ്മദ് കുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍, സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം സത്യന്‍ മൊകേരി, സി ഭാസ്‌കരന്‍, മുക്കം മുഹമ്മദ്, കെ കെ ലതിക, വി കുഞ്ഞാലി, കെ ലോഹ്യ, കെ കെ ദിനേശന്‍, സി സത്യചന്ദ്രന്‍, സി എച്ച് ഹമീദ്, ടി കെ കുഞ്ഞിരാമന്‍, കെ പി പവിത്രന്‍, വിനോദ് ചെറിയത്ത്, ആയാടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.