കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കേസിലെ മുഖ്യപ്രതി വി.പി സബീര്‍ അറസ്റ്റില്‍; മറ്റ് പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന
പേരാമ്പ്ര: കുറ്റ്യാടിയില്‍ വന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം പേരില്‍ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി പി സബീറിനെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയുടെ മാനേജിംഗ് പാര്‍ട്‌നറായ സബീര്‍ പ്രദേശത്തെ യൂത്ത് ലീഗ് നേതാവ് കൂടിയാണ്.
പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ജ്വല്ലറി വലിയ വാഗ്ദാനങ്ങള്‍ നല്‍കി ഒട്ടേറെപേരില്‍ നിന്ന് പണമായും സ്വര്‍ണമായും നിക്ഷേപം സ്വീകരിച്ചെന്നാണ് പരാതി.
മാസം തോറും നിക്ഷേപിക്കുന്ന രീതിയിലും പലരില്‍ നിന്നും പണം വാങ്ങി. ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. കുറച്ചുദിവസമായി ജ്വല്ലറി അടഞ്ഞുകിടക്കുന്നത് കണ്ടതോടെയാണ് നിക്ഷേപകര്‍ക്ക് സംശയം തോന്നിയത്. കുറ്റ്യാടിയില്‍ മാത്രം 87 പേരാണ് പരാതി നല്‍കിയത്. ജ്വല്ലറിയുടെ കല്ലാച്ചി,പയ്യോളി ശാഖകളും അടഞ്ഞുകിടക്കുകയാണ്. 25000 രൂപ മുതല്‍ നാല് കോടിയുടെ വരെ നിക്ഷേപിച്ചവരുണ്ട്.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് പ്രധാന പ്രതി കുളങ്ങരത്താഴ സ്വദേശി വി പി സബീര്‍ കുറ്റ്യാടി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റിലായ സബീറാണ് നിക്ഷേപകരുമായുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. മറ്റ് രണ്ട് ഉടമകള്‍ വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റ നിഗമനം. കുറ്റ്യാടിക്ക് പുറമെ നാദാപുരം പൊലീസ് സ്റ്റേഷനിലും ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്.