കുറ്റ്യാടി സ്റ്റേഷന് നക്സല്‍ ആക്രമണം; 16 പ്രതികളില്‍ അവശേഷിക്കുന്നത് പാലേരി സ്വദേശി കടുങ്ങോന്‍ മാത്രം
കുറ്റ്യാടി: പൊലീസ് സ്റ്റേഷൻ നക്സൽ ആക്രമണക്കേസിലെ പ്രതിയായ ടി. അപ്പു ബാലുശ്ശേരി കൂടി മരിച്ചതോടെ പതിനാറ് പ്രതികളിൽ അവശേഷിക്കുന്നത് പാലേരി തോട്ടത്താങ്കണ്ടിയിലെ കടുങ്ങോൻ മാത്രം. കേസിലെ പതിനഞ്ച് പ്രതികളും മരിച്ചു. അപ്പുവും കടുങ്ങോനും മാനന്തവാടിയിലെ വേലപ്പൻ മാസ്റ്ററുമായിരുന്നു ആക്രമണത്തിെന്റെ പ്രധാന സൂത്രധാരന്മാർ.
1969 ഡിസംബർ18 ന് പുലർച്ച രണ്ടു മണിക്ക് ഇവരുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ പെരുവണ്ണാമൂഴിക്കാരൻ വേലപ്പൻ കൊല്ലപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ .പ്രഭാകരന്റെ കൈ ബോംബേറിൽ അറ്റു പോകുകയും ചെയ്തിരുന്നു.
77കാരനായ കടുങ്ങോൻ ഉൾപ്പെടെയുള്ളവരെ എട്ടുവർഷമാണ് ശിക്ഷിച്ചത്. അതിൽ രണ്ടരവർഷം കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിലായിരുന്നു. ബാക്കിക്കാലം കണ്ണൂർ സെൻട്രൽ ജയിലിലുമായിരുന്നു. ചേമഞ്ചേരി ശ്രീനിവാസനെ കേസിൽ വെറുതെ വിട്ടു. കടുങ്ങോനെ രണ്ടു ദിവസത്തിനു ശേഷം പാലേരി പാറക്കടവിലെ ആൾത്താമസമില്ലാത്ത പറമ്പിൽനിന്ന് നാട്ടുകാർ കണ്ടെത്തിയാണ് പൊലീസിലേൽപ്പിച്ചത്.
അപ്പുവിനെ ആറുമാസം കഴിഞ്ഞാണ് പിടികൂടുന്നത്. തൊട്ടിൽപ്പാലം ചൊത്തക്കൊല്ലിയിലെ വിട്ടീൽനിന്ന് ഒപ്പം മറ്റു പ്രതികളായ പൊക്കൻ, കണ്ണൻ എന്നിവരെയും പിടികൂടി. പൊക്കന്റെ വീട്ടിൽനിന്നാണ് മൂവരെയും പിടിക്കുന്നത്.
പാച്ചു പെരുവണ്ണാമൂഴി, പാലേരിയിലെ വി.കെ.കുഞ്ഞിരാമൻനായർ, കോഴിക്കോട് അച്യുതൻ, തൊട്ടിൽപ്പാലം സ്വദേശികളായ കൊടക്കാരൻ വേലായുധൻ, കണ്ണൻ, കുട്ടപ്പൻ തുടങ്ങിയവരായിരുന്നു ബാക്കി പ്രതികൾ. അപ്പു മരിക്കുന്നതുവരെ സി.പി.എമ്മിൽ തുടർന്നു.
അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിൽ മരിച്ച രാജന്റെ അനുസ്മരണ പരിപാടിക്ക് രണ്ടു കൊല്ലം മുമ്പ് അപ്പു കുറ്റ്യാടിയിൽ വന്നിരുന്നു. കടുങ്ങോൻ അടുത്ത കാലം വരെ പത്രം ഏജൻറ്, ലോട്ടറി ഏജൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നക്സൽ ആക്രമണം നടന്ന കുറ്റ്യാടിയിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇനിയും പൊളിച്ചു മാറ്റിയിട്ടില്ല.