കുറ്റ്യാടി ബൈപ്പാസ് നിര്‍മ്മാണം: ജനങ്ങളുടെ പ്രയാസം കണക്കിലെടുക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്


കുറ്റ്യാടി : ബൈപ്പാസ് കടന്നുപോകുന്ന ഭാഗങ്ങളിലെ ആളുകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തുകൊണ്ടായിരിക്കും കുറ്റ്യാടിയിലെ നിർദിഷ്ട ബൈപാസ് നിർമിക്കുകയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുറ്റ്യാടി ബൈപാസിന്റെ ദിശ നേരിൽക്കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈപ്പാസിന്റെ നിലവിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കും. ബന്ധപ്പെട്ടവരുമായി ഇക്കാര്യം ചർച്ചചെയ്ത് ബൈപ്പാസ് നിർമാണം പരമാവധി വേഗത്തിലാക്കാനുള്ള നടപടിയുണ്ടാവും- മന്ത്രി പറഞ്ഞു.

കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ., ബ്ലോക്ക് പ്രസിഡന്റ് കെ. പി. ചന്ദ്രി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി..കെ. മോഹൻദാസ്, വാർഡംഗം എ.സി. മജീദ് തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. നേരത്തെ കണ്ടെത്തിയ അലൈൻമെന്റിൽ മാറ്റം വരുത്തിയതാണ് പുതിയ പ്രതിസന്ധിക്കിടയാക്കിയതെന്ന് ജനപ്രതിനിധികളും നാട്ടുകാരും മന്ത്രിയെ ധരിപ്പിച്ചു. അലൈൻമെന്റിൽ മാറ്റം വരുത്തിയതോടെ റോഡ് കടന്നു പോകുന്ന ഭാഗങ്ങളിലെ ചിലവീടുകൾ ഭീഷണിയിലാവുന്ന സാഹചര്യമുണ്ടായി. ഇവർ നിമയനടപടികളുമായി മുന്നോട്ടു പോയതാണ് നിലവിലെ പ്രതിസന്ധിക്കിടയാക്കിയത്.

കടുത്ത വളവുകളും മറ്റും ശരിയാക്കാതെ ബൈപാസ് റോഡുണ്ടാക്കിയാൽ അത് കിഫ്ബിയുടെ ധനസഹായം ലഭിക്കുന്നതിന്ന് തടസ്സമാകുമെന്നായിരുന്നു അലൈൻമെന്റ് മാറ്റത്തിന്ന് കാരണമായി പറഞ്ഞത്. കൊച്ചി ആസ്ഥാനമായുള്ള ആർ.ബി.ഡി.സി.യെയായിരുന്നു ഇതിന്റെ നിർമാണച്ചുമതല ഏൽപ്പിച്ചത്. 30 കോടിയാണ് ബൈപ്പാസിന്നായി ഒടുവിൽ വകയിരുത്തിയത്.