കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ (വീഡിയോ കാണാം)
കുറ്റ്യാടി: നിരവധി ആളുകള്‍ ആശ്രയിക്കുന്ന കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ. സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. വടകര താലൂക്കിലെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഏഴ് ഗ്രാമപ്പഞ്ചായത്തുകളിലെയും വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെയും കിഴക്കന്‍ മലയോരത്തെ ചങ്ങരോത്ത് പഞ്ചായത്തിലെയും സാധാരണക്കാരായ നൂറുകണക്കിന് രോഗികളാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്.
കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ക്കുപുറമേ ചുരുങ്ങിയത് രണ്ട് അധികതസ്തിക സൃഷ്ടിക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന മറ്റുതസ്തികകളിലേക്ക് അടിയന്തരമായി നിയമനംനടത്തണമെന്നും എം.എല്‍.എ. സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ആശുപത്രിക്കായി ഇറിഗേഷന്‍വകുപ്പില്‍നിന്ന് കൈമാറിക്കിട്ടിയ 50 സെന്റ് സ്ഥലത്ത് ആശുപത്രിയുടെ സമഗ്രവികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ഒന്നാംഘട്ട നിര്‍മാണത്തിനായി 20 കോടി രൂപയുടെ നബാര്‍ഡിന്റെ സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനുള്ള ശുപാര്‍ശ പരിശോധിച്ചുവരികയാണെന്നും ശുപാര്‍ശയ്ക്ക് നബാര്‍ഡിന്റെ അംഗീകാരം ലഭ്യമാകുന്നമുറയ്ക്ക് മറ്റുനടപടികള്‍ സ്വീകരിക്കുമെന്നും സബ്മിഷന് മറുപടിയായി ആരോഗ്യമന്ത്രിക്കുവേണ്ടി വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.
17 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 91 സ്ഥിരം ജീവനക്കാരുടെ തസ്തിക ആശുപത്രിയില്‍ നിലവിലുണ്ടെന്നും എന്‍.എച്ച്.എം. മുഖാന്തരം മൂന്ന് അസിസ്റ്റന്റ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെ 11 ജീവനക്കാരും എന്‍.എസ്.ജി.ഡി. മുഖാന്തരം ഒരു അസിസ്റ്റന്റ് സര്‍ജന്‍ ഉള്‍പ്പെടെ രണ്ടുപേരും എച്ച്.എം.സി. മുഖാന്തരം 30 പേരും ആര്‍.എസ്.ബി.വൈ. മുഖാന്തരം ഒമ്പതുപേരും 52 താത്കാലിക ജീവനക്കാരുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു അസിസ്റ്റന്റ് െഡന്റല്‍ സര്‍ജന്‍ ഉള്‍പ്പെടെ രണ്ടുതസ്തികയും ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ട് സ്റ്റാഫ്‌നഴ്‌സിന്റെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതികൂടി പരിഗണിച്ച് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടെയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും തസ്തികകള്‍ കൂടുതല്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നതാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.