കുരുന്നുകൾക്ക് പോളിയോ വാക്സിൻ നൽകാൻ മറക്കല്ലേ; ജനുവരി 23 ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി; ജില്ലയില്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും


കോഴിക്കോട്: ജനുവരി 23ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ ജില്ലയില്‍ 5 വയസ്സിനു താഴെയുള്ള 2,29,975 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയില്‍ ഒണ്‍ലൈനായി വിളിച്ചു ചേര്‍ത്ത ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ വിവിധ വകുപ്പു തലവന്മാരും സര്‍ക്കാര്‍ സര്‍ക്കാരേതര സംഘങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

തുള്ളിമരുന്ന് നല്‍കുന്നതിനായി ജില്ലയിലുടനീളം 2073 ബൂത്തുകളാണ് സൗകര്യപ്പെടുത്തുക. 125 കുട്ടികള്‍ക്ക് ഒരു ബൂത്ത് എന്ന രീതിയിലാണ് ക്രമീകരണം. ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും. ഓരോ ബൂത്തിലും 2 വാക്‌സിനേറ്റര്‍മാര്‍ ഉണ്ടായിരിക്കും. യാത്രക്കാരുടെയും മറ്റും സൗകര്യാര്‍ത്ഥം 51 ട്രാന്‍സിറ്റ് ബൂത്തുകളും ഒരുക്കുന്നുണ്ട്.

റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 8 വരെ ഈ ബൂത്തുകളില്‍ നിന്ന് തുള്ളി മരുന്ന് ലഭിക്കുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളികളെയും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളെയും ലക്ഷ്യം വെച്ച് 64 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കുന്നതാണ്.

ജനുവരി 24, 25 തിയ്യതികളില്‍ വളണ്ടിയര്‍മാര്‍ വീടുവീടാന്തരം കയറിയിറങ്ങി അഞ്ച് വയസ്സില്‍ താഴെയുള്ള ഏതെങ്കിലും കുഞ്ഞിന് തുള്ളി മരുന്ന് നല്‍കാന്‍ വിട്ടു പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ജില്ലയിലെ 809356 വീടുകളില്‍ ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. 3986 ടീമുകളായി 7988 ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരെയും 254 സൂപ്പര്‍വൈസര്‍ മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡപ്രകാരമായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങളും സജ്ജീകരിക്കുക.