കുരുടിമുക്കില്‍ വാഹനം തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയവരെ ചോദ്യം ചെയ്തു: ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ. അഭിനീഷിനുനേരെ കയ്യേറ്റ ശ്രമം
അരിക്കുളം: കുരുടിമുക്കില്‍ വാഹനം തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയ സാമൂഹ്യവിരുദ്ധരെ ചോദ്യം ചെയ്ത ഡി.വൈ.എഫഫ്.ഐ പ്രവര്‍ത്തകനുനേരെ കയ്യേറ്റ ശ്രമം. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ. അഭിനീഷിനെയാണ് ഒരുസംഘം ആളുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എട്ടരയ്ക്ക് ഇതുവഴി കടന്നുപോയ ഒരു വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് മറ്റൊരു സംഘം ആളുകളുമായി ഇവര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇത്തരത്തില്‍ രാത്രി പ്രദേശത്ത് തമ്പടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെ അഭിനീഷ് അടക്കമുള്ള ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ഇവര്‍ അഭിനീഷിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഭിനീഷ് മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുരുടിമുക്ക് മേഖലയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി സംഘം സജീവമാണെന്നും രാത്രി ഇവിടെ തമ്പടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മിറ്റി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കഴിഞ്ഞദിവസം കഞ്ചാവ് വലിക്കുകയായിരുന്ന ഒരു കുട്ടിയെ മേപ്പയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞദിവസം പ്രശ്‌നമുണ്ടാക്കിയ മദ്യലഹരിയിലായിരുന്നെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.
പ്രദേശത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടത്തിനെതിരെ ഡി.വൈ.എഫ്.ഐ ഇന്ന് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ പൊതുജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രതിഷേധം ശക്തമാക്കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.