കുട്ടികള്‍ക്കെല്ലാം ഡിജിറ്റല്‍ പഠനോപകരണം ഉറപ്പാക്കി ചെറുവണ്ണൂര്‍ ഹൈസ്‌കൂള്‍


പേരാമ്പ്ര: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍. വളരെവേഗത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ഡിവൈസ് ലഭ്യതാപ്രഖ്യാപനം നടത്തി ഈ സര്‍ക്കാര്‍വിദ്യാലയം മാതൃകയായി. ഇത്തരം പ്രഖ്യാപനംനടത്തുന്ന വടകര വിദ്യാഭ്യാസജില്ലയിലെ ആദ്യവിദ്യാലയമാണ് സ്‌കൂളെന്ന് അധ്യാപകര്‍ പറഞ്ഞു. യു.പി., ഹൈസ്‌കൂള്‍വിഭാഗങ്ങളിലായി 678 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.

ടി.വി., സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍, ടാബ്‌സൗകര്യങ്ങള്‍ ഒന്നുമില്ലെന്ന് പ്രാഥമിക വിവരശേഖരണത്തില്‍ കണ്ടെത്തിയ വിദ്യാര്‍ഥികളുടെ വീടുകള്‍ അധ്യാപകരുടെ സംഘം സന്ദര്‍ശിച്ചു. അതില്‍നിന്ന് അര്‍ഹരായവരുടെ മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കി. അധ്യാപകര്‍തന്നെ ആദ്യം പണമെടുത്ത് സഹായിക്കാന്‍ മുന്നോട്ടുവന്നു. അധ്യാപകരും ജീവനക്കാരും ഒന്നേകാല്‍ലക്ഷം രൂപ സംഭാവനചെയ്തു. പി.ടി.എ.യുടെയും പഞ്ചായത്തംഗം എ. ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ സര്‍വീസ് സഹകരണബാങ്കുകളും സഹായവുമായി ഒപ്പംചേര്‍ന്നു.

സമ്പൂര്‍ണ ഡിജിറ്റല്‍ ഡിവൈസ് ലഭ്യതാപ്രഖ്യാപനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി.വി. ബാബു അധ്യക്ഷനായി. വടകര ഡി.ഇ.ഒ. സി.കെ. വാസു, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് സി.എച്ച്. സനൂപ്, വി.പി. നിത, കെ.കെ. സുരേഷ് ബാബു, വി.കെ.സി. ഷൈനി,, എം. പ്രകാശന്‍, പി.പി. സുധീര്‍ രാജ്, എന്‍.പി. അശോകന്‍, എന്‍.കെ. പ്രേമന്‍ എന്നിവര്‍ പ്രസംഗിച്ചു.