കുട്ടികളെ സ്വീകരിക്കാന്‍ മിക്കി മൗസും; പ്രവേശനോത്സവത്തിന് മിക്കി മൗസിനെ എത്തിച്ച് പേരാമ്പ്ര എ.യു.പി.സ്‌കൂള്‍


പേരാമ്പ്ര : പ്രവേശനോത്സവത്തില്‍ കുട്ടികളെ സ്വീകരിക്കാന്‍ മിക്കി മൗസിനെ എത്തിച്ച് പേരാമ്പ്ര എ.യു.പി. സ്‌കൂള്‍. വെള്ളിയാഴ്ച നടന്ന രണ്ടാം ബാച്ച് പ്രവേശനോത്സവത്തിലാണ് കുട്ടികളുടെ ഇഷ്ടതാരമായ മിക്കി മൗസ് കുരുന്നുകളെ സ്‌കൂള്‍ ഗേറ്റിലെത്തി സ്വീകരിച്ചത്.

തിങ്കളാഴ്ച നടന്ന ഒന്നാം ബാച്ച് പ്രവേശനോത്സവത്തില്‍ മുത്തുക്കുടകളും നെറ്റിപ്പട്ടവുമായിരുന്നു പ്രധാന ആകര്‍ഷണം. നവാഗതരെ സ്വീകരിക്കാന്‍ എത്തിയ മിക്കി മൗസിനെ കുട്ടികള്‍ ആഹ്ളാദത്തോടെ വരവേറ്റു. കുട്ടികളെ സ്വീകരിക്കുന്നതിനൊപ്പം ആദ്യമായി സ്‌കൂളിലെത്തിയ 1, 2 ക്ലാസിലെ കുഞ്ഞുങ്ങളെ ക്ലാസുകളിലേക്ക് ആനയിക്കുകയും ചെയ്തത് മിക്കി മൗസാണ്.

നീണ്ട കാലം സ്‌കൂളും കൂട്ടുകാരെയും കാണാതെ വിഷമിച്ച കുട്ടികള്‍ക്ക് വ്യത്യസ്തവും നൂതനവുമായ പ്രവേശനോത്സവമൊരുക്കണമെന്ന ചിന്തയുടെ ഭാഗമായാണ് കുട്ടികളെ സ്വാഗതം ചെയ്യുന്ന മിക്കി മൗസിനെ രംഗത്തിറക്കിയത്. സ്റ്റാഫും പി.ടി.എ.യും ചേര്‍ന്നാണ് പുത്തന്‍ രീതി അവതരിപ്പിച്ചതെന്നും പ്രധാനാധ്യാപിക കെ.പി. മിനിടീച്ചര്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പി. ജോന, പി.ടി.എ പ്രസിഡന്റ് ജയരാജന്‍ കെ.പി, വൈസ് പ്രസിഡന്റ്.സി.പി.ഷാജി, സീനിയര്‍ അസിസ്റ്റന്റ് വി.പി.ചന്ദ്രി,സ്റ്റാഫ് സെക്രട്ടറി സി.പി.എ അസീസ്, പ്രവേശനോത്സവ കണ്‍വീനര്‍ടി.ആര്‍.സത്യന്‍,ടി.കെ.ഉണ്ണികൃഷ്ണന്‍, ഇ.ഷാഹി, കെ. എം സാജു എന്നിവര്‍ സംബന്ധിച്ചു.