കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു, മകനൊപ്പം അച്ഛനും രോഗത്തിന്റെ പിടിയിലായതോടെ വരുമാനം നിലച്ചു; അപൂര്‍വ്വ രോഗത്തിന് മുന്നില്‍ പകച്ച് കുടുംബം


പേരാമ്പ്ര: പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തണമെന്ന മോഹമായിരുന്നു ഷിബിന്‍ലാലിന്റെ മനസ്സു നിറയെ. എന്നാല്‍ ബാലന്‍സ് തെറ്റി വീഴുമ്പോള്‍ ഒരിക്കലും കരുതിയില്ല തന്റെ ജീവിതത്തിന്റെ താളമാണ് അവിടെ തെറ്റുന്നതെന്ന്. മുയിപ്പോത്ത് പുത്തൂര്‍ കടവ് കൂരാത്തികണ്ടത്തില്‍ ഷിബിന്‍ലാലാണ് അപൂര്‍വ രോഗത്തെ തുടര്‍ന്ന് സ്വന്തമായി നടക്കാന്‍ പോലും സാധിക്കാതെ ദുരിതമനുഭവിക്കുന്നത്.

പത്താംതരത്തിലെത്തുന്നതുവരെ ഓടിച്ചാടി കളിച്ചു നടന്നതാണ് ഷിബിന്‍ലാല്‍. പ്ലസ് വണ്‍ പഠനത്തിന് പോകവെയാണ് ബാലന്‍സ് തെറ്റുന്നത്മൂലം നടക്കാന്‍ ചെറിയ പ്രയാസം കണ്ടുതുടങ്ങിയത്. പതിയെ രോഗം കൂടുതല്‍ വഷളായി. ഇപ്പോള്‍ 22 വയസ്സുള്ള ഷിബിന് വീട്ടിനകത്ത് പോലും ഒരടി നടക്കണമെങ്കില്‍ പരസഹായം വേണം. സംസാരത്തിലും ചെറിയ പ്രശ്‌നമുണ്ട്. രോഗം വന്നതോടെ പഠനവും മുടങ്ങി. സുഹൃത്തുക്കള്‍ ഇടയ്ക്ക് വീട്ടില്‍ വരുമ്പോഴാണ് വീടിന് പുറത്തിറങ്ങുന്നത്.

അപൂര്‍വമായി കണ്ടുവരുന്ന, ജനിതക വകഭേദം (ജനറ്റിക് മ്യൂട്ടേഷന്‍) മൂലമുള്ള രോഗമാണെന്നാണ് പരിശോധനയില്‍ കണ്ടത്. അറുപത് വയസ്സുള്ള ഷിബിന്‍ ലാലിന്റെ അച്ഛന്‍ കുഞ്ഞിക്കണ്ണനും സമാനമായ പ്രശ്‌നമുണ്ട്. എറണാകുളത്തെ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ഷിബിനെ പരിശോധിച്ചിരുന്നു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുളാര്‍ ബയോളജി സ്ഥാപനത്തില്‍ ജീന്‍ സംബന്ധിച്ച പരിശോധനയും നടത്തി.

കുഞ്ഞിക്കണ്ണന്‍ മണല്‍ തൊഴിലാളിയായിരുന്നു. 45 വയസ്സായപ്പോഴാണ് അസുഖം ബാധിച്ചു തുടങ്ങിയത്. ബാലന്‍സ് കിട്ടാതെ നടക്കാനുള്ള ചെറിയ പ്രയാസമായിരുന്നു ആദ്യം. പിന്നീട് അധികമായി . ഇപ്പോള്‍ നടക്കാന്‍ പരസഹായം വേണം. എന്നാല്‍ ഷിബിന്‍ ലാലിന്റെ അത്രയും ഗുരുതരമായിട്ടില്ല. സംസാരിക്കുമ്പോഴും പ്രശ്‌നമുണ്ട്. കാഴ്ചക്കുറവും അനുഭവപ്പെടുന്നു.

കുഞ്ഞിക്കണ്ണന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയം. പത്തുവര്‍ഷമായി കുഞ്ഞിക്കണ്ണന് പണിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ചികിത്സക്ക് പോലും പണമില്ല. ഭാര്യ ദേവിക്കും തൊഴിലൊന്നുമില്ല. നേരത്തേ പോയിരുന്ന മില്ലിലെ പണിക്കും ഇപ്പോള്‍ പോകാനാകുന്നില്ല. കുഞ്ഞിക്കണ്ണനും മകനും സഹായത്തിന് എപ്പോഴും ആള്‍ അടുത്ത് വേണമെന്നതിനാല്‍ വീട്ടില്‍നിന്ന് ദൂരെ പോകാനും കഴിയില്ല. ആയുര്‍വേദ ചികിത്സ നടത്തിയപ്പോള്‍ മരുന്നിന് മൂവായിരം രൂപയോളം വന്നിരുന്നു. പണമില്ലാത്തതിനാല്‍ അതും പിന്നീട് നിലച്ചു.

കുടുംബത്തെ സഹായിക്കാന്‍ കെ.സുനില്‍കുമാര്‍ കണ്‍വീനറും പഞ്ചായത്തംഗം എന്‍.കെ. ഷിജിത്ത് ചെയര്‍മാനും പി. രാധാകൃഷ്ണന്‍ ഖജാന്‍ജിയുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്ക് ചെറുവണ്ണൂര്‍ ശാഖയിലെ ഷിബിന്‍ലാലിന്റെ അക്കൗണ്ട് നമ്പര്‍: 44122210012308. ഐ.എഫ്. എസ്.സി. കോഡ്: SYNB0004412