കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒരു വര്‍ഷം; രോഗഭീതി അകറ്റാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണം


പേരാമ്പ്ര: പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര കോക്കാട് റോഡ് ജംഗ്ഷനു സമീപം പി.ഡബ്ല്യു.ഡി റോഡില്‍ കുടിവെള്ള പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. പൈപ്പ് പോട്ടിയിട്ട് ഒരു വര്‍ഷമായതായും പരാതിപെട്ടിട്ടും അധികാരികള്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.

പൈപ്പ് പൊട്ടിയസ്ഥലത്ത് ഇപ്പോള്‍ മാലിനജലം കെട്ടിക്കിടന്ന് വെള്ളം പൈപ്പിനുള്ളിലേക്ക് കയറി രോഗങ്ങള്‍ക്ക് കാരണമാകുമോ എന്ന് ഭീതിയുയര്‍ന്നു.ചങ്ങരോത്ത് ചക്കിട്ടപാറ പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ള പൈപ്പാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പൊട്ടി കുടിവെള്ളം പാഴാവുന്നത്.

മലിനജലം കുടിവെള്ളത്തില്‍ കലരാത്ത വിധം പൊട്ടിയ പൈപ്പ് ഉടന്‍ നന്നാക്കി പ്രദേശവാസികളുടെ രോഗഭീതി ഉടന്‍ അകറ്റാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കിഴക്കന്‍ പേരാമ്പ്ര എ പി ജെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.