കുഞ്ഞ് അനുപമയുടെത് തന്നെ; ഡി.എന്‍.എ പരിശോധനാ ഫലം സി.ഡബ്ല്യു.സിയ്ക്ക് കൈമാറി
തിരുവനന്തപുരം: ദത്ത് നല്‍കല്‍ വിവാദത്തില്‍ കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയുടെ ഫലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) കൈമാറി.
ഡി.എന്‍.എ പരിശോധനാ ഫലം അനുകൂലമായതില്‍ വളരെ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫലം ഔദ്യോഗികമായി കയ്യില്‍ കിട്ടിയിട്ടില്ലെന്നും ഇതിനായി ശ്രമിക്കുന്നുണ്ടെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
സി.ഡബ്ല്യു.സി പരിശോധനാഫലം അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെയാണ് കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ആന്ധ്രയില്‍നിന്നു ഞായറാഴ്ച രാത്രിയോടെ തലസ്ഥാനത്തെത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാംപിളാണ് ആദ്യമെടുത്തത്. കുഞ്ഞിനെ ഏല്‍പിച്ചിരിക്കുന്ന കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലെത്തിയാണു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരുടെ സാന്നിധ്യത്തില്‍ രാജീവ്ഗാന്ധി സെന്റര്‍ ഉദ്യോഗസ്ഥര്‍ സാംപിളെടുത്തത്. സെന്ററില്‍ എത്താന്‍ അനുപമയോടും അജിത്തിനോടും തുടര്‍ന്നു ഫോണില്‍ അറിയിച്ചു. ഇവര്‍ ഉച്ചയ്ക്കു ശേഷം അവിടെ ചെന്നു സാംപിള്‍ നല്‍കുകയായിരുന്നു.
ദത്തു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള ഏജന്‍സിയായ സി.ഡബ്ല്യു.സിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഡി.എന്‍.എ ടെസ്റ്റ് അടക്കം നടത്തുകയാണെന്നും ഈ മാസം 29 വരെ സമയം വേണമെന്നും സി.ഡബ്ല്യു.സി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് റിപ്പോര്‍ട്ടിനൊപ്പം ഡി.എന്‍.എ പരിശോധനാ ഫലവും കോടതിയില്‍ ഹാജരാക്കും. കോടതിയുടെ നിലപാടനുസരിച്ചായിരിക്കും ഇനിയുള്ള തുടര്‍ നടപടികള്‍. ഈ മാസം 30 നാണ് ഇനി കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.