കുഞ്ഞുങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം: ഒമ്പത് മാസം മുതല്‍ നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍


ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെൽമറ്റ് നിര്‍ബന്ധമാക്കി.

ഒൻപത് മാസം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഹെൽമറ്റ് നിര്‍ബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കുന്നത്. അതേസമയം, സൈക്കിള്‍ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്.

നേരത്തെ നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല. ഹെൽമറ്റിന് പുറമെ, നാല് വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇരുചക്രവാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം.

കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കുന്ന നിര്‍ദ്ദേശം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകള്‍ക്കും സ്കൂട്ടറുകള്‍ക്കും വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടരുതെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശത്തിൽ പറയുന്നത്.

വാഹനാപകടങ്ങളില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഒരു വര്‍ഷത്തിനുള്ളിൽ നിയമത്തിന്റെ അന്തിമരൂപം പുറത്തിറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍.