കീഴരീയൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം; പഞ്ചായത്തില്‍ 169 പേര്‍ക്ക് കൊവിഡ്, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്, കണ്ടെയിന്‍മെന്റ് സോണിലെ റോഡുകള്‍ അടച്ചു, വിശദമായി നോക്കാം കീഴരിയൂരിലെ കൊവിഡ് നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്
മേപ്പയ്യൂര്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ കീഴരിയൂരില്‍ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കി. കീഴരിയൂര്‍ – തുറയൂര്‍ കോരപ്ര റോഡ് പൊലീസ് പൂര്‍ണമായും അടച്ചു. കൊയിലാണ്ടി എസ് ഐ എ.സന്തോഷ്, സിപിഒ കെ.പി.അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് അടച്ചത്.
കീഴരിയൂര്‍ പഞ്ചായത്തില്‍ മൊത്തം 169 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പതിമൂന്നാം വാര്‍ഡില്‍ മെമ്പര്‍ ഉള്‍പെടെ 72 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാര്‍ഡ് 13 കണ്ടയ്ന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചു. വാര്‍ഡിലെ പോക്കറ്റ് റോഡുകളും അടച്ചു.
കോവിഡ് രോഗലക്ഷണമുള്ളവര്‍ സ്വയം ക്വാറന്റീനില്‍ പോവുകയും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്ന് കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.മുഹമ്മദ് അഷറഫ് നിര്‍ദ്ദേശിച്ചു. പതിമൂന്നാം വാര്‍ഡില്‍ കല്യാണം, ഗൃഹപ്രവേശം തുടങ്ങീ എല്ലാ ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവു എന്നും മതപരമായ എല്ലാ ചടങ്ങുകളും കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് മാത്രമേ നടത്താവുയെന്നും നിര്‍ദേശം നല്‍കി.
കടകള്‍ രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നും കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ശ്രീലേഷന്‍, പി.കെ.ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെയും ഒഴിഞ്ഞ കടകളിലെയും ഒത്തുചേരല്‍ പൂര്‍ണ്ണമായും നിരോധിച്ചതായും 60 വയസ് കഴിഞ്ഞവരും കുട്ടികളും അകാരണമായി പുറത്തിറങ്ങാന്‍ പാടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി എ.അന്‍സാര്‍ ഉത്തരവിറക്കി.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ സനിതാ സെലീം, സതീ ദേവി, പഞ്ചായത്തിന്റെ ചാര്‍ജുള്ള അധ്യാപകന്‍ കീഴത്ത് അബ്ദുറഹ്‌മാന്‍, ആര്‍ ആര്‍ ടി അംഗങ്ങളായ, ടി.സയ്യിദ്, എ.അന്‍സില്‍ എന്നിവര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.