കീഴരിയൂർ കുറുമയിൽ താഴെ വീടിന് സമീപം മണ്ണിടിഞ്ഞു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



കീഴരിയൂർ: കുറുമയിൽ താഴെ വീടിന് സമീപം മണ്ണിടിഞ്ഞു. രണ്ടു തവണയാണ് മണ്ണിടിഞ്ഞു വീണത്. കീഴരിയൂർ അഞ്ചാം വാർഡിൽ മഠത്തിൽ ലിജുവിന്റെ വീടിനു സമീപമാണ് സംഭവം. ലിജുവിന്റെ ഭാര്യ തുണി അലക്കി കൊണ്ടിരിക്കുമ്പോൾ അലക്കുകല്ലിന് സമീപത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. നാരായണന്റെ മകൾ ഓടി മാറിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ഇന്ന് വൈകീട്ടായിരുന്നു സംഭവം. അലക്കിക്കൊണ്ടിരുന്ന വസ്ത്രങ്ങളും ബക്കറ്റുമെല്ലാം മണ്ണിനടിയിലായി. വൈകീട്ട് ആറരയോടെയാണ് ആദ്യം മണ്ണിടിഞ്ഞത്. അറുപത് ടണ്ണോളമുള്ള ചെങ്കൽ കട്ടകളാണ് വീണത്. രണ്ടാം തവണ മണ്ണിടിഞ്ഞപ്പോഴേക്ക് ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു.

മണ്ണിടിഞ്ഞതിനെ തുടർന്ന് വീട്ടുകാരെ അവിടെ നിന്ന് മാറ്റി പാർപ്പിക്കാനാണ് തീരുമാനം. വീട് അപകടാവസ്ഥയിലാണെന്നും ജീവന് ഭീഷണിയാണെന്നതിനാൽ ദുരന്തനിവാരണ നിയമമനുസരിച്ച് അടിയന്തിരമായി ഇവിടത്തെ മണ്ണ് മാറ്റാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ വില്ലജ് ഓഫീസർക്ക്‌ പരാതി നൽകിയിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു.

വില്ലജ് ഓഫീസർ അപകട സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കാനുള്ള നടപടികൾക്കായി മുമ്പ് തന്നെ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ മൺതിട്ട നിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥരുടെ നിസ്സഹകരണം കാരണമാണ് ഇതിന് സാധിക്കാതിരുന്നതെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.

വീടിനു സമീപമുള്ള ഉയരത്തിലുള്ള മൺതിട്ടയാണ് വില്ലനായതെന്ന് ഫയർ ഫോഴ്സ് അധികൃതർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മണ്ണെടുക്കാനുള്ള നിയമ തടസം കാരണമാണ് ഇത് നീക്കാൻ കഴിയാതിരുന്നത്. മഴ ഇല്ലാത്ത സമയത്താണ് മണ്ണിടിഞ്ഞത്. എത്രയും പെട്ടന്ന് പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും അപകടമുണ്ടാവാൻ സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ ഭീഷണിയാണെന്നും സമീപത്തുള്ള മൂന്നു വീടുകളെ ഇത് ബാധിക്കുമെന്നും ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.