കീഴരിയൂരില്‍ ജനങ്ങള്‍ ആശങ്കയില്‍: ജനകീയ ഹോട്ടലിന് സമീപത്തെ ആല്‍മരത്തില്‍ നിന്ന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു
മേപ്പയ്യൂര്‍: കീഴരിയൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നത് ജനങ്ങളില്‍ ആശങ്ക പരത്തുന്നു. അരയനാട്ട് പറക്ക് സമീപത്തുള്ള ജനകീയ ഹോട്ടലിനടുത്തുള്ള ഭജനമഠത്തിൻ്റെ ആല്‍മരത്തിലെ വവ്വാലുകളാണ് കൂട്ടത്തോടെ ചത്ത് വീഴുന്നത്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, വെറ്റിനറി ഡോക്ടറും സ്ഥലം സന്ദർശിച്ച് ചത്ത വവ്വാലിനെ പരിശോധിച്ചു. കീഴരിയൂർ പഞ്ചായത്ത് മൃഗാശുപത്രിയിലെ ഡോക്ടർ കെ.വി.മിനി, ഹെൽത്ത് ഇൻസ്പക്ടർമാരായ പി.കെ.ഷാജഹാൻ, പി.ശ്രീലേഷൻ എന്നിവര്‍ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ആൽമരത്തിൽ നിന്നും ചത്തു താഴെ വീണ വവ്വാലുകൾ പുഴു അരിക്കുന്ന നിലയിലായതിനാൽ വിദഗ്ധ പരിശോധന നടന്നില്ല. സ്ഥലത്ത് ബ്ലീച്ചിംങ് പൗഡർ വിതറുകയും ചത്ത വച്ചാലിനെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം മണ്ണിട്ടു മൂടി. വരും ദിവസങ്ങളിലും പ്രദേശത്ത് നിരീക്ഷണം നടത്തുമെന്ന് വെറ്റിനറി ഡോക്ടര്‍ അറിയിച്ചു.
കീഴരിയൂര്‍ ആച്ചാണ്ടിയിലും, ഇടത്തില്‍ മീത്തലും ധാരാളം വവ്വാലുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ അധികൃതരെ അറിയിച്ചു.മരത്തിൽ വലവിരിച്ച് വവ്വാലിൽ പരിശോധന നടത്തി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.