കീഴരിയൂരില്‍ ചന്ദനം മുറിച്ചുകടത്താൻ ശ്രമം; പൊലീസ് തടഞ്ഞു, വാഹനം കസ്റ്റഡിയില്‍, പ്രതികള്‍ ഓടി രക്ഷപ്പെട്ടു


കൊയിലാണ്ടി: കീഴരിയൂരില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഘത്തിലെ നാലുപേരും ഓടി രക്ഷപ്പെട്ടു. ഇവര്‍ എത്തിയ വെള്ള മാരുതി സിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ആവണക്കുഴിയില്‍ നിന്ന് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു സംഘം. രണ്ട് പേര്‍ മരം മുറിക്കുകയും മറ്റ് രണ്ട് പേര്‍ കാറില്‍ ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കുകയുമായിരുന്നെന്ന് എസ്.ഐ അനൂപ് എം.എന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പൊലീസിനെ കണ്ടയുടന്‍ തന്നെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ മഞ്ചേരി സ്വദേശിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷേ ഇയാളെ ബന്ധപ്പെടുവാന്‍ സാധിച്ചിട്ടില്ലെന്ന് എസ്.ഐ പറഞ്ഞു. കാറില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടുണ്ട്.