കീഴരിയൂരില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ക്രിക്കറ്റ് കളി; 16 പേര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു


കീഴരിയൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒത്തുകൂടി ക്രിക്കറ്റ് കളിച്ച 16 പേര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ഇന്ന് രാവിലെ കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജേഷ് എ.എസ്, ഹൊറാള്‍ഡ് ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുബിന്‍.കെ, അഖില്‍.കെ എന്നിവരടങ്ങിയ സംഘം സ്‌കൂള്‍ ഗ്രൗണ്ട് സന്ദര്‍ശിച്ചാണ് നിയമനടപടി സ്വീകരിച്ചത്.

നമ്പ്രത്തുകരയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാ തരത്തിലുള്ള കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിയന്ത്രണം ലംഘിച്ച് അരിക്കുളം, കൊയിലാണ്ടി തുടങ്ങിയ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും ആളുകള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്ന് കളിക്കുകയും ഒത്തുചേരുകയും ചെയ്തിരുന്നു.

ഇതിനെതിരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ശ്രീലു ശ്രീപതി, വില്ലേജ് ഓഫീസര്‍ അനില്‍ കുമാര്‍.കെ, വില്ലേജ് അസിസ്റ്റന്‍ഡ് ഷാജി മനേഷ് .എം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീ.കെ .ഷാജഹാന്‍ , വാര്‍ഡ് ആര്‍ ആര്‍ ടി അംഗങ്ങള്‍ തുടങ്ങിയവര്‍ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും നിയമ ലംഘനം തുടര്‍ച്ചയായി നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് നിയമനടപടി സ്വീകരിച്ചത്.