കീഴരിയൂരില്‍ കേസുകള്‍ കൂടുന്നു: വാര്‍ഡ് 2 ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണ്‍, 12,13 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍; റോഡുകള്‍ അടച്ചു
മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ 93 പേർ പോസിറ്റീവ്. വാർഡ് 2ൽ 39, വാർഡ് 12ൽ 15, 13ൽ 15 എന്നിങ്ങനെയാണ് കണക്ക്. കോവിഡ് വ്യാപിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും.
വാർഡ് 2 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായും 12,13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും കലക്ടർ പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലെ റോഡുകളെല്ലാം പൊലീസ് അടച്ചു. ഇവിടങ്ങളിൽ ആർആർടി വൊളന്റിയർമാർക്ക് ചുമതല നൽകി.
പഞ്ചായത്തുതല ആർആർടി ജാഗ്രതാ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല അധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ വാർഡ് 2,12,13, എന്നീ വാർഡുകളിലെ തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കണമെന്നും കല്യാണങ്ങളും മറ്റുള്ള എല്ലാ പരിപാടികളിലും കോവിഡ് മാനദണ്ഡം പാലിച്ച് 20 പേർ മാത്രം പങ്കെടുക്കാൻ പാടുള്ളൂ എന്നും കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.കെ.ഷിജു, അഡീഷനൽ എസ്.ഐ.കെ.മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എ.ഹുസൈൻ എന്നിവർ പറഞ്ഞു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. അനാവശ്യമായി പുറത്തിറങ്ങാനോ പൊതുസ്ഥലങ്ങളിൽ കൂടിയിരിക്കാനോ പാടില്ല.