കീഴരിയൂരിലെ തോൽവി, കോൺഗ്രസിൽ പൊട്ടിത്തെറി


കീഴരിയൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറ്റിംങ്ങ് സീറ്റായ ഒൻപതാം വാർഡ് നഷ്ടമായതിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വർഷങ്ങളായി കോൺഗ്രസ് വിജയിച്ചിരുന്ന ഒൻമ്പതാം വാർഡിൽ ഇത്തവണ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അമൽ സരാഗ വിജയിച്ചതാണ് പൊട്ടിത്തെറിയുടെ കാരണം.

തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.കെ.ദാസൻ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് ഇന്നലെ ഡിസിസി പ്രസിഡൻ്റ് യു.രാജീവൻ മാസ്റ്റർക്ക് കൈമാറിയിരുന്നു. മൊത്തം 13 വാർഡുകളുള്ള കീഴരിയൂർ പഞ്ചായത്തിൽ കഴിഞ്ഞ തവണ യുഡിഎഫ് 6 സീറ്റുകളിൽ വിജയിച്ചിരുന്നു. അതിൽ ഒമ്പതാം വാർഡിൽ കഴിഞ്ഞ തവണ യുഡിഎഫ് 217 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചിരുന്നത്. മണ്ഡലം പ്രസിഡൻ്റ്, രണ്ട് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, ബാങ്ക് ഡയരക്ടർ, മണ്ഡലം ഭാരവാഹി എന്നിവരെല്ലാമുള്ള ഒമ്പതാം വാർഡിലെ പരാജയം കോൺഗ്രസ് വൃത്തങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

എൽഡിഎഫ് സ്ഥാനാർഥി യുഡിഎഫിലെ യമുന പെരുവാലശ്ശേരിയെ 21വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ കൂട്ടത്തോടെ എൽഡിഎഫ് സ്ഥാനാർഥിക്ക് എങ്ങിനെ ലഭിച്ചു എന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. ഫലത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചതോടെ കീഴരിയൂരിൽ മണ്ഡലം കമ്മിറ്റി തന്നെ ഇല്ലാതായി. തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ വാർഡിലെ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളും സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യമുയർത്തി കഴിഞ്ഞു.വരും ദിവസങ്ങളിൽ ഇനിയും പാർട്ടിയിൽ രൂക്ഷമായ പ്രതിസന്ധിക്ക് തിരഞ്ഞെടുപ്പ് ഫലം വഴിവെച്ചേക്കും. അതിനിടെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗിരിജ മനത്താനത്തിനേയും ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂരിനേയും കോൺഗ്രസുകാർ തന്നെ കാലുവാരി തോൽപ്പിച്ചതായും പറയപ്പെടുന്നു. ഇവരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ ഗ്രാമപഞ്ചായത്തിലെക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർഥി നോമിനേഷൻ കൊടുക്കാതെ ഇവർക്കെതിരെ രംഗത്ത് വന്നിരുന്നു. അവസാനം 12 പേർ നോമിനേഷൻ നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടായിരുന്നു ഈ സ്ഥാനാർഥി നോമിനേഷൽ നൽകിയത്. ഇത് ഗിരിജമനത്താനത്തിൻ്റെയും രാജേഷ് കീഴരിയൂരിൻ്റെയും പരാജയത്തിന് വഴിവെച്ചതായി ഐ വിഭാഗം കുറ്റപ്പെടുത്തുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക