കീഴരിയൂരിലെ ചന്ദന മോഷണം; പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്


കൊയിലാണ്ടി: കീഴരിയൂരില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്താനുള്ള ശ്രമം പൊലീസിൻ്റെ സമർഥമായ ഇടപെടൽ മൂലം പരാജയപ്പെട്ടു. ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഘത്തിലുള്ളവർ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇവര്‍ എത്തിയ വെള്ള മാരുതി സിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സി.ഐ.എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ എം.എൽ അനൂപ്, എ.എസ്.ഐ അഷറഫ്, സി.പി.ഒ.സുബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കീഴരിയൂരിലെ ആവണിക്കുഴിയിൽ എത്തുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ ചന്ദനമരം മുറിക്കുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർ വന്ന KL 56 സി. 441 നമ്പർ ഷിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മുറിച്ചിട്ട 21 ഓളം മരകഷണങ്ങൾ, നാല് കൊടുവാൾ, ഒരു ചെറിയ മഴു, രണ്ട് ഈർച്ചവാൾ, ഒരു മൺവെട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസെത്തുമ്പോൾ മരം മുറിക്കുകയായിരുന്നു. കാറിൽ നിന്നും രണ്ട് മൊബൈൽ ഫോണും ലഭിച്ചിട്ടുണ്ട്..

മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ മഞ്ചേരി സ്വദേശിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാളെ പറ്റി വിവരം ലഭിച്ചിട്ടില്ല. ഫോറസ്റ്റ് ആക്ട് പ്രകാരമാണ് കേസ്സെടുത്തതെന്ന് എസ്.ഐ എം.എൽ അനൂപ് പറഞ്ഞു.