കിറ്റ്കോയുടെ സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനത്തിന് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/01/2022)


കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

 

കടലോര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍മിത്രകളെ തെരഞ്ഞെടുക്കുന്നു

കടലോര മത്സ്യഗ്രാമങ്ങളില്‍ സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിയ്ക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംല്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെ തെരഞ്ഞെടുത്ത് സാഗര്‍മിത്രകളായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പാദന പദ്ധതിയ്ക്കു കീഴില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സാഗര്‍മിത്ര. മത്സ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യം ബന്ധപ്പെടാവുന്നവരാണ് സാഗര്‍മിത്രകള്‍. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. കരാര്‍ കാലത്ത് 15,000 രൂപ പ്രതിമാസം ഇന്‍സെന്റീവ് ആയി നല്‍കും. പ്രവര്‍ത്തന മികവ് വിലയിരുത്തി ഓരോ വര്‍ഷവും കരാര്‍ പുതുക്കി പ്രവര്‍ത്തനകാലം ദീര്‍ഘിപ്പിയ്ക്കും. ഫിഷറീസ് സയന്‍സ് /മറൈന്‍ ബയോളജി/ സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷയില്‍ ഫലപ്രദമായി ആശയ വിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും 35 വയസില്‍ കൂടാത്ത പ്രായമുള്ളവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിനായി അപേക്ഷിയ്ക്കേണ്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അതത് മത്സ്യഗ്രാമങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷകള്‍ ജനുവരി 20നകം അതത് മത്സ്യഭവനിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലോ സമര്‍പ്പിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2383780.

ക്വട്ടേഷന്‍ ക്ഷണിച്ചു

ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജില്‍ സ്പോര്‍ട്സ് ഉപകരണങ്ങളും ജേഴ്സികളും വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 27 ന് വൈകീട്ട് മൂന്ന് മണി വരെ. ഫോണ്‍ : 04902966800, 9497697639.

കിറ്റ്കോയുടെ സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും സംയുക്തമായി ജനുവരി 18 മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ആറ് ആഴ്ച്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനപരിപാടി നടത്തുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്‍ജീനിയിറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 45 വയസ്സിനുമിടയില്‍. ഐടി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സാമ്പത്തിക വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസ്സിനസ്സ് പ്ലാനിങ്ങ്, മാനേജ്മെന്റ്, മികച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്മാര്‍ട്ടപ്പ് പദ്ധതികള്‍ക്കുളള സര്‍ക്കാര്‍ സഹായങ്ങള്‍, ഇന്‍കുബേഷന്‍ സ്‌കീം, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍, ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താത്പര്യമുളളവര്‍ ജനുവരി 18 നകം ബന്ധപ്പെടുക. ഫോണ്‍: 9847463688/ 9447509643/ 0484 412900.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തിരുവമ്പാടി ഗവ. ഐ ടി ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ വിഷയത്തിന് രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലുള്ള എന്‍ടിസിയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും/ എന്‍ എസിയും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പകളും സഹിതം തിരുവമ്പാടി ഗവ.ഐടിഐയില്‍ ജനുവരി 14നു രാവിലെ 10.30 നു ഇന്റര്‍വ്യൂവിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 0495 2254070.

ഗതാഗതം നിരോധിച്ചു

ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് 7,8 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ചാടിക്കുഴി താഴെ- മണ്ണാംകണ്ടി താഴം റോഡ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇത് വഴിയുളള ഗതാഗതം പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചതായി അസി.എഞ്ചിനീയര്‍ അറിയിച്ചു. ഇത് വഴി കടന്നു പോവേണ്ട വാഹനങ്ങള്‍ അടുവാറക്കല്‍ താഴം- നെല്ലിയാത്ത് താഴം റോഡും അമ്പലത്തുകുളങ്ങര- അമ്പലപ്പാട് റോഡും ഉപയോഗപ്പെടുത്തണം.

പട്ടികജാതി സ്വാശ്രയസംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ ധനസഹായം

കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്നതിനായി സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495 2370379.

‘ഇന്‍സ്‌കേപ്സ് ഓഫ് നേച്ചര്‍’ ഏകാംഗ ചിത്രപ്രദര്‍ശനം നാളെ മുതല്‍

കേരള ലളിതകലാ അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയി സംഘടിപ്പിക്കുന്ന ഹരീന്ദ്രന്‍ ചാലാടിന്റെ ‘ഇന്‍സ്‌കേപ്സ് ഓഫ് നേച്ചര്‍’ ഏകാംഗ ചിത്രപ്രദര്‍ശനം നാളെ ( ജനുവരി 14) മുതല്‍. പ്രദര്‍ശനം ഇന്ന് ( ജനുവരി14) വൈകീട്ട് നാല് മണിക്ക് ഡോ.എ.ടി.മോഹന്‍രാജ് ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ് വരെ നടക്കുന്ന പ്രദര്‍ശനം ജനുവരി 21ന് സമാപിക്കും.

പി.ജി. സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ എം.എ ഇക്കണോമിക്സ്, എം.എ ഇംഗ്ലീഷ്, എം.കോം, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ എസ്.ടി വിഭാഗത്തില്‍ ഓരോ ഒഴിവ് വീതവും എം.എ ഹിന്ദി – എസ്.സി -2, എല്‍.സി -1, എംഎ ഹിസ്റ്ററി ഒ.ബി.എക്സ് – 1 വീതം ഒഴിവുകളുമുണ്ട്. ഈ വിഭാഗങ്ങളില്‍നിന്നും അപേക്ഷകരില്ലാതിരുന്നാല്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും ഒഴിവ് നികത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ ജനുവരി 15ന് ഉച്ചക്ക് മൂന്ന് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

റീ ഇ – ടെണ്ടറുകള്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ /റീ ഇ – ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയ്യതി ജനുവരി 19ന് വൈകീട്ട് അഞ്ച് വരെ.
വിശദ വിവരം e-tenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 0496 2630800.

‘ജൈവ പച്ചക്കറി കൃഷിയില്‍ കൃത്യതാ രീതി’ -കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

‘ജൈവ പച്ചക്കറി കൃഷിയില്‍ കൃത്യതാ രീതി’ എന്ന വിഷയത്തില്‍ ആത്മ പ്രൊജക്ട് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി. ജൈവ പച്ചക്കറിയ്ക്ക് ആവശ്യക്കാര്‍ ഏറി വരുന്ന ഇക്കാലത്ത് കൃത്യതാ കൃഷിയും ജൈവരീതിയും അവലംബിച്ച് എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം എന്ന വിഷയത്തില്‍ ക്ലാസ്സുകള്‍ നല്‍കി. തടമ്പാട്ടുതാഴത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക മൊത്തവ്യാപാരവിപണന കേന്ദ്രത്തിന്റെ അധീനതയിലുള്ള കൃഷിയിടത്തിലാണ് കൃത്യത കൃഷിരീതിയില്‍ പ്രായോഗിക പരിശീലനം നല്‍കിയത്.

ആത്മ പ്രൊജക്ട് ഡയറക്ടര്‍ പി.ആര്‍.രമാദേവി, കാര്‍ഷിക സര്‍വ്വകലാശാല ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിലെ അസി.പ്രൊഫസര്‍ ഇ.എം.ഷിജിനി, കൃഷി ഓഫീസര്‍ വി.കെ.നൗഷാദ്, ഷംസുധീര്‍ ദാസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട്, ചേളന്നൂര്‍, കുന്നമംഗലം, ബാലുശ്ശേരി ബ്ലോക്കുകളില്‍ നിന്നുളള 36 കര്‍ഷകര്‍ പങ്കെടുത്തു.

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നാളെ (ജനുവരി 15ന്)- മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നാളെ (ജനുവരി 15ന്) രാവിലെ 10 മണി മുതല്‍ കോഴിക്കോട് വരക്കല്‍ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്താല്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കുമായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് ‘അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി’. അപകടമരണങ്ങള്‍ക്കും പൂര്‍ണ്ണ അവശതക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി അദാലത്ത് നടത്താന്‍ നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു.

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. അര്‍ഹരായ എല്ലാ മത്സ്യത്തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ്: മൂന്നു പരാതികള്‍ കൂടി തീര്‍പ്പായി

കലക്ടറേറ്റില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നുവരുന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങില്‍ മൂന്നു പരാതികള്‍ കൂടി തീര്‍പ്പായി. അതോറിറ്റി ചെയര്‍മാന്‍ പി.എസ്.ദിവാകരനാണ് പരാതികള്‍ പരിഗണിച്ചത്. രണ്ടാം ദിവസം 33 കേസുകള്‍ പരിഗണിച്ചു. ശേഷിക്കുന്നവ മാര്‍ച്ച് മാസത്തെ സിറ്റിങ്ങില്‍ പരിഗണിക്കും. 24 പരാതികള്‍ പുതുതായി ലഭിച്ചു. പരാതിക്കാരുടെ വാദം കേട്ട ശേഷം അടുത്ത സിറ്റിങ്ങില്‍ എതിര്‍ കക്ഷികളോട് ഹാജരാകാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

ആദ്യ ദിവസം ഒമ്പത് പരാതികള്‍ തീര്‍പ്പാക്കിയിരുന്നു. ഇതോടെ 12 പരാതികള്‍ക്ക് പരിഹാരമായി. ജനുവരി 12, 13 തീയതികളിലായി നടന്ന സിറ്റിങ്ങില്‍ ആകെ 70 പരാതികള്‍ പരിഗണിച്ചു. മാര്‍ച്ച് 24നാണ് അടുത്ത സിറ്റിങ്.