കിണറ്റിൽ വീണ നവജാത ശിശുവിന് ഇത് പുതുജീവൻ; കോഴിക്കോട് കിണറ്റിൽ വീണ കുഞ്ഞിനെയും, അമ്മയെയും, സഹോദരനെയും രക്ഷിച്ചു


കോഴിക്കോട്: കിണറ്റിൽവീണ നവജാത ശിശുവിനെയും അമ്മയെയും സഹോദരനെയും രക്ഷിച്ചു. പൂളക്കടവ് എടക്കണ്ടി പറമ്പ് അദബിയ, രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് ബുധനാഴ്ച രാത്രിയിൽ കിണറ്റിൽവീണത്. ഉടനെ കുഞ്ഞിനെ അദബിയയുടെ സഹോദരൻ അനീസ് കിണറ്റിലിറങ്ങി രക്ഷിച്ചു.

അദബിയയെയും സഹോദരനെയും വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. ബുധനാഴ്ചരാത്രി എട്ട് മണിയോടെയാണ് സംഭവം. കുഞ്ഞിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലും എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ അനീസിനും നിസ്സാര പരിക്കുകളേറ്റു.

വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ കെ.ടി. രാജീവൻ, ജിജിൻ രാജ്, ലതീഷ്, ഫാസിൽ അലി, റാഷിദ്, അനീഷ്, സിനീഷ്, മനുപ്രസാദ്, ഷജിൽ കുമാർ, ഷൈലേഷ്, ബിനു വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.