കിടപ്പുരോഗികള്‍ക്കായി 24 മണിക്കൂര്‍ ഹോം കെയര്‍ സര്‍വീസ് ആരംഭിക്കും; നെസ്റ്റ്
കൊയിലാണ്ടി; സ്വാന്തന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കിടപ്പു രോഗികളെ സഹായിക്കാന്‍ 24 മണിക്കൂര്‍ ഹോം കെയര്‍ സേവനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കിടപ്പു രോഗിയുടെ വേദനയും പ്രയാസങ്ങളും പലപ്പോഴും രാപ്പകല്‍ നീണ്ടുന്നില്ക്കുന്നതാണ്. പകല്‍ സമയ സേവനത്തിലൂടെ മാത്രം അവര്‍ക്ക് ആശ്വാസമേകാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്നത്. കെയിലാണ്ടി, പയ്യോളി മുന്‍സിപ്പാലിറ്റികളിലും പരിസരത്തെ ഒന്‍പത് പഞ്ചായത്തുകളിലുമായി രണ്ടായിരത്തി അഞ്ഞൂറിലേറെ കിടപ്പുരോഗികള്‍ക്ക് ഈ സൗകര്യം ലഭ്യമക്കും.
മാര്‍ച്ച് രണ്ടാം വാരത്തില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. രണ്ടു ഡോക്ടര്‍ മാരുടെയും ആറ് നേഴ്സുമാരുടെയും മുഴുവന്‍ സമയ സേവനം ഇതിനായി ലഭ്യമാക്കും. ഭാവിയില്‍ പൂര്‍ണ്ണ സൗകാര്യങ്ങളോടുകൂടിയ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐ.പി യൂണിറ്റായി നെസ്റ്റിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്ര സമ്മേളനത്തില്‍ നെസ്റ്റ് ചെയര്മാന് അബ്ദുള്ള കരുവഞ്ചേരി, വൈസ് ചെയര്മാന് അഹമ്മദ് ടോപ്ഫോം, ടി.പി.ബഷീര്‍, കെ.ടി.മുഹമ്മദ് ഹാഷിം, എന്‍.പുഷ്പരാജ്, കെ.അബ്ദുറഹ്മാന് എന്നിവര്‍ പങ്കെടുത്തു.