കാർഷിക മേഖലയ്ക്ക് മുഖ്യ പരിഗണന; 2021-22 ലെ ബജറ്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ചു


കൊയിലാണ്ടി: തരിശായി കിടക്കുന്ന ഭൂപ്രദേശം കൃഷിയോഗ്യമാക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന 2021-22 ലെ വാർഷിക ബജറ്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചു. കൃഷിയടക്കമുള്ള ഉൽപ്പാദന മേഖലയ്ക്ക് 85 ലക്ഷം രുപ ബജറ്റിൽ വകയിരുത്തി.

നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ചെറുകിട വ്യാവസായ യൂണിറ്റുകൾ സ്ഥാപിക്കാനും, അത് വഴി നാളികേര കർഷകരെ സഹായിക്കുന്ന പദ്ധതികൾ ആവിഷ്ക്കരിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ലൈഫ് ഭവനപദ്ധതിക്ക് 75 ലക്ഷം രുപ വിദ്യാഭ്യാസത്തിന് 30 ലക്ഷം. ആരോഗ്യമേഖലയ്ക്ക് 35 ലക്ഷം, കുടിവെള്ള പദ്ധതികൾക്കായി 35 ലക്ഷയും പൊതുമരാമത്ത് വകയിൽ 65 ലക്ഷം രുപയും പട്ടികജാതി ക്ഷേമത്തിനായി 72 ലക്ഷം രുപയും ബജറ്റിൽ ഉൾകൊള്ളച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ബിന്ദു മoത്തിൽ ബജറ്റ് അവതരിപ്പിച്ചു. കെ.ജീവാനന്ദൻ, കെ.ടി.എം.കോയ, ചൈത്ര വിജയൻ ,കെ.അഭിനീഷ്, ബിന്ദു സോമൻ, ടി.എം.രജില, ഷീബ ശ്രീധരൻ, ഇ.കെ.ജുബീഷ്, എം.പി.മൊയ്തീൻകോയ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ഫത്തീല സ്വഗതം പറഞ്ഞു.