കാസര്‍ഗോഡ് അഞ്ചുവയസ്സുകാരി പനി ബാധിച്ച് മരിച്ച സംഭവം; നിപ അല്ലെന്ന് പരിശോധനാ ഫലം


കാസര്‍ഗോഡ്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയില്‍ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. രക്തവും സ്രവവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവാണ് പ്രാഥമിക ഫലം.

ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. തലച്ചോറില്‍ ബാധിച്ച പനിയാണ് മരണ കാരണം. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. നിപ ആണോയെന്ന് സംശയിച്ചാണ് സാമ്പിള്‍ പരിശോധനക്കയച്ചത്.

വിവരമറിഞ്ഞതോടെ ആരോഗ്യവകുപ്പ് ശക്തമായ നടപടികളെടുത്തു. വ്യഴാഴ്ച ചെങ്കള പഞ്ചായത്തിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിര്‍ത്തിവെച്ചു. മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളെയും പരിസരത്തെ 60 വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്ത് പ്രദേശങ്ങളിലും സര്‍ഗവ നടത്തി. വിവരമറിഞ്ഞ ആശങ്കയിലായ നാടിന് പരിശോധന ഫലം അറിഞ്ഞതോടെ ആശ്വാസമായി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് കുട്ടിയുടെ സംസ്‌കാരം.