കാസര്‍ക്കോട്ട് എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ; ഒളിവിലായിരുന്ന അധ്യാപകന്‍ മുംബൈയില്‍ പിടിയില്‍


കാസര്‍ക്കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. ഫോണ്‍ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലെ ഒളിയിടത്തില്‍ നിന്ന് ഉസ്മാനെ പൊലീസ് കണ്ടെത്തിയത്.

ഇയാള്‍ക്കെതിരെ പോക്‌സോ, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഈമാസം എട്ടാം തിയ്യതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ആത്മഹത്യയ്ക്കു പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീലച്ചുവയുള്ള ചാറ്റിങ്ങിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നതായാണ് ആരോപണം. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് മനസിലാക്കിയ പിതാവ് സ്‌കൂള്‍ ഗ്രൂപ്പിലൂടെ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചിരുന്നു. അന്ന് രാത്രി വിദ്യാര്‍ഥിനിയെ അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ അധ്യാപകന്‍ പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു.