കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം; 3000 രൂപ നല്‍കാന്‍ തീരുമാനം


കോഴിക്കോട്: അതിതീവ്ര ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു തൊഴില്‍ ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് നല്‍കുക.

1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. ഇതിനായി 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു മുന്നറിയിപ്പ്. 15 തൊഴില്‍ദിനങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടിരുന്നത്.