കാറ്റഗറി ‘ബി’ യില്‍ കൂടുതല്‍ ഇളവുകള്‍; ജിമ്മുകള്‍ക്കും, ടൂറിസത്തിനും അനുമതി, പേരാമ്പ്ര മണ്ഡലത്തിലെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും, ഇളവുകള്‍ എന്തെല്ലാമെന്നും വിശദമായി പരിശോധിക്കാം


പേരാമ്പ്ര: കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. കാറ്റഗറി എ, ബി എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക. ടി പി ആര്‍ പ്രകാരം പേരാമ്പ്ര മേഖലയിലെ നാല്് പഞ്ചായത്തുകള്‍ ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, തുറയൂര്‍, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകള്‍ കാറ്റഗറി ബിയിലാണ്. ഇവിടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അനുവദിക്കപ്പെട്ടിരിക്കുന്നത് എന്ന് പരിശോധിക്കാം.

കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി 5നും 10നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍)

1. പേരാമ്പ്ര 9.2%
2. ചക്കിട്ടപ്പാറ 6.7 %
3. കീഴരിയ്യൂര്‍ 9.8%
4. തുറയൂര്‍ 8 %

അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍

  • പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫിസുകളും 100 ശതമാനം ജീവനക്കാരെ പ്രവര്‍ത്തിക്കാം.
  • അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം. മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
  • ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം.
  • ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം.
  • ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം.
  • സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
  • ബാറുകളിലും ബവ്‌റിജസ് ഔട്ലെറ്റുകളിലും പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്.
  • കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരി അനുവദനീയമാണ്.
  • ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എസി ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം.
  • കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിനോദസഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരായിരിക്കണം. വാക്‌സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം.