കാറ്, മലഞ്ചരക്ക്, വീട്ടു സാധനങ്ങൾ മുജീബ് മോഷണ പരമ്പരയിലെ കുറ്റവാളി; പിടിയിലായത് ബാങ്ക് കൊള്ളയ്ക്ക് പദ്ധതിയിട്ടതിനിടെ, കാപ്പാട് ബാറിൽ പോലീസ് നടത്തിയത് നാടകീയ നീക്കം
കൊയിലാണ്ടി: കുപ്രസിദ്ധ മോഷ്ടാവ് കുന്ദമംഗലം പെരിങ്ങളം സ്വദേശി മുജീബിനെ പോലീസ് വലയിലാക്കിയത് അതിവിദഗ്ധമായി. കൊയിലാണ്ടി കാപ്പാട് സ്വകാര്യ ബാറിൽ മദ്യപിക്കുന്നതിനിടെയാണ് നിരവധി മോഷണകേസുകളിൽ പ്രതിയായ ഇയാൾ പിടിയിലായത്
മോഷ്ടിച്ച മലഞ്ചരക്ക് സാധനങ്ങള്‍ വില്‍പന നടത്തുന്ന ഒരു യുവാവ് സ്ഥിരമായി പകല്‍ സമയത്ത് ബാറിലെത്തി മദ്യപിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് ഇയാളെ കണ്ടെത്തുന്നതിനായി ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച്ച ഉച്ചയോടെ ഈ യുവാവ് കാപ്പാട് ബീച്ചിലെ ബാറില്‍ കാറില്‍ മദ്യപിക്കാനായി എത്തിയ വിവരമറിഞ്ഞ് സിഐയും സംഘവും മഫ്ടിയില്‍ ഓട്ടോറിക്ഷയില്‍ എത്തുകയും ഒരു മണിക്കൂറിലേറെ കാത്ത് നിന്ന ശേഷം ഇയാളെ ബലമായി പിടികൂടുകയുമായിരുന്നു.
ഇയാൾ വടകര മേഖലയില്‍ ബാങ്ക് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലെ വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടതായാണ് വിവരം. ഇതിന് വേണ്ടി പതിനായിരങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി പ്രതി കൈവശമാക്കിയിട്ടുണ്ട്. കൂട്ടാളികളെ സംഘടിപ്പിച്ച് ബാങ്ക്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയില്‍ കവര്‍ച്ചയ്ക്ക് ഒരുങ്ങുന്നതിനിടയിലാണ് പോലീസ് പിടിയിലായത്.
കൊണ്ടോട്ടി പോപ്പുലര്‍ കാര്‍ ഷോറൂമില്‍ നിന്ന് കവര്‍ന്ന ഓട്ടോമാറ്റിക്ക് കാറിന്റെ ഇലക്ട്രിക്ക് ഭാഗങ്ങള്‍ മുറിച്ച് മാറ്റിയ ശേഷമാണ് വിവിധ ഇടങ്ങളില്‍ കവര്‍ച്ച നടത്താനായി നീക്കം തുടങ്ങിയത്. പോലീസ് അന്വേഷണത്തിൽ കാറിന്റെ സിഗ്‌നല്‍ ലഭിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്തത് എന്നാണ് ഇയാൾ പറഞ്ഞത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വാഗണര്‍ കാറുകളുടെ മാത്രം നമ്പറുകള്‍ വ്യാജമായി നിര്‍മിച്ച് മോഷ്ടിച്ച കാറില്‍ പതിച്ചാണ് കാറില്‍ കറങ്ങിയിരുന്നത്. പോലീസ് കണ്ടെത്തിയ നമ്പര്‍ പ്ലേറ്റുകള്‍ എല്ലാം തന്നെ വിവിധ മേഖലയിലെ വാഗണര്‍ കാറുകളുടേത് മാത്രമായിരുന്നു.
മോഷ്ടിച്ച കാറില്‍ പതിച്ച നമ്പര്‍ പ്ലേറ്റ് തൃശൂര്‍ സ്വദേശിയുടെ വാഗണര്‍ കാറിന്റേത് ആയിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ മോഷണക്കേുമായി ബന്ധപ്പെട്ട് പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുമ്പ് നടന്ന എല്ലാ മോഷണവും ഒറ്റയ്ക്കാണ് ഇയാള്‍ ചെയ്തിരുന്നത്. കൂട്ടാളികള്‍ പിടിയിലാവും എന്ന പേടിയാണ് ഇതിന് കാരണം.
കസ്റ്റഡിയിലെടുത്ത കാറിന്റെ ഡിക്കിയില്‍ പ്ലാസ്റ്റിക്ക് ചാക്കിലാണ് ഗ്യാസ് സിലിണ്ടറും മറ്റ് വിവിധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം തന്നെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി ഐ പറഞ്ഞു.