കാറപകടം: കേസൊഴിവാക്കാന്‍ അരലക്ഷം കൈക്കൂലി; കോഴിക്കോട്ടെ പൊലീസുകാരനെതിരെ വകുപ്പുതല നടപടി


കോഴിക്കോട്: വില്‍പ്പനക്കായി ഏല്‍പ്പിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ അരലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടാകും. മെഡിക്കല്‍ കോളേജ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൃജേഷിനെതിരെയാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കോഴിക്കോട്ടെ യൂസ്ഡ് കാര്‍ ഷൊറൂമില്‍ വില്‍പ്പനക്കായി വെച്ചിരുന്ന കാര്‍, ഷോറൂം ഉടമകളില്‍ ഒരാള്‍ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയി അപകടത്തില്‍പ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ആര്‍.സി ഉടമയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനാണ് ഷോറൂം ഉടമ പൊലീസുകാരന് കൈക്കൂലി നല്‍കിയത്. പൊലീസുകാരന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് അരലക്ഷം രൂപ നിക്ഷേപിച്ചത്.

ഈ വിവരം സിറ്റി പൊലീസ് മേധാവി എ.വി ജോര്‍ജറിയുകയും പ്രാഥമികാന്വേഷണം നടത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ കോളേജ് അസി. കമീഷണര്‍ കെ. സുദര്‍ശനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുദര്‍ശന്റെ റിപ്പോര്‍ട്ട് ഇന്ന് എ.വി ജോര്‍ജിന് കൈമാറും.