കാര്‍ഷിക നന്മയുടെ മഹിമയൊരുക്കി ഞാറ്റുവേല ചന്ത; നൊച്ചാട് പഞ്ചായത്തില്‍ മൊബൈല്‍ ചന്തയ്ക്ക് തുടക്കമായി


പേരാമ്പ്ര: കേരളത്തിന്റെ കാര്‍ഷിക സംസ്‌ക്കാരത്തില്‍ ഞാറ്റുവേലയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. മലയാളത്തിലെ 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര ഞാറ്റുവേല. ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും. അതിനാലാണ് ഇതിന്റെ പ്രാധാന്യം മനസിലാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി ഭവനും ഞാറ്റുവേല ചന്തകള്‍ സംഘടിപ്പിക്കുന്നത്.

നൊച്ചാട് ഗ്രാമപഞ്ചായത്തും, നൊച്ചാട് കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന മൊബൈല്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. മൊബൈല്‍ വാഹനം പഞ്ചായത്ത് ഓഫീസിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ ഫ്‌ലാഗ് ഓഫ് ചെയ്തു.

മൊബൈല്‍ ഞാറ്റുവേല ചന്ത ജൂലായ് 1, 2,5,6 തിയ്യതികളില്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തും. ചന്തയില്‍ നിന്നും കര്‍ഷകര്‍ക്ക് അത്യുല്‍പ്പാദന ശേഷിയുള്ള തൈകള്‍ വാങ്ങാന്‍ സാധിക്കും. കൊവിഡും ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഞാറ്റുവേല ചന്തയിലേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ഇത്തരമൊരു സംരംഭത്തിന് നൊച്ചാട് ് ഗ്രാമപഞ്ചായത്തും, കൃഷി ഭവനും തുടക്കമിട്ടത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കഞ്ഞിക്കണ്ണന്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.നാരായണന്‍, ഷിജി കൊട്ടാരക്കല്‍, പി.പി അബ്ദുള്‍ സലാം, എന്നിവര്‍ സംസാരിച്ചു. ശോഭനാ വൈശാഖ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ദൃശ്യ നന്ദിയും പറഞ്ഞു.