കാരയാട് വീട് നിര്‍മ്മാണം നടക്കുന്നതിനിടെ ശുദ്ധജലവിതരണം മുടങ്ങി; പമ്പ് സെറ്റ് സ്ഥാപിച്ച് നല്‍കി യു.ഡി.എഫ്
കാരയാട്: ഏക്കാട്ടൂര്‍ കല്ലാത്തറ കോളനിയില്‍ വീട് നിര്‍മ്മാണം നടക്കുന്നതിനിടെ ശുദ്ധജല വിതരണം തടസപ്പെട്ടതോടെ പമ്പ് സെറ്റ് സ്ഥാപിച്ച് നല്‍കി യു.ഡി.എഫ്. കല്ലാത്തറ ബാബുവിനും കുടുംബത്തിനുമാണ് പമ്പ് സെറ്റ് നല്‍കിയത്. പമ്പ് സെറ്റ് സ്ഥാപിച്ചതോടെ ഇരുനൂറ് മീറ്റര്‍ അകലെ നിന്ന് കിണറുവെള്ളം എത്തിക്കാന്‍ കഴിഞ്ഞു.
ലൈഫ് സഹായധനത്തോടെ ബാബുവിന് യു.ഡി.എഫ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ലിന്റല്‍ വാര്‍പ്പ് കഴിഞ്ഞതാണ്. പൊതുജലവിതരണം തടസപ്പെട്ടതോടെ വാര്‍പ്പ് നനയ്ക്കാന്‍ വഴി ഇല്ലാതായി. തുടര്‍ന്ന് വേഗം തന്നെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പമ്പ് സ്ഥാപിക്കുകയായിരുന്നു. നാല്‍പ്പതിനായിരം രൂപയോളം ചെലവിട്ടാണ് പമ്പ് സ്ഥാപിച്ചത്.
കോളനിയിലെ മറ്റു താമസക്കാര്‍ക്കും ഇത് ഉപകാരമായി. കുന്നിന്‍മുകളിലുള്ള കല്ലാത്തറ കോളനിയില്‍ മാത്രം പൊതു ജലവിതരണം തടസ്സപ്പെട്ടത് എന്തുകൊണ്ടാണെന്ന് നാട്ടുകാര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. കോളനിക്ക് താഴെയുള്ള ഭാഗങ്ങളില്‍ ജലമെത്തുന്നുമുണ്ട്. എല്ലായിടത്തേക്കും കൂമുള്ളം തറയില്‍ സ്ഥാപിച്ച ഒരേ സംഭരണിയില്‍ നിന്നാണ് ജലവിതരണം നടക്കുന്നത്.
ബാബുവിനും കുടുംബത്തിനും ഏക്കാട്ടൂര്‍ മേഖല യു.ഡി.എഫ്. കമ്മിറ്റി സ്ഥാപിച്ച വാട്ടര്‍ പമ്പിന്റെയും ജലവിതരത്തിന്റെയും ഉദ്ഘാടനം അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി. രാമദാസും ഇ.കെ. അഹമ്മദ് മൗലവിയും ചേര്‍ന്ന് നിര്‍വഹിച്ചു. കെ. അഷറഫ്, ടി. മുത്തുകൃഷ്ണന്‍, അഷറഫ് കള്ളങ്കൊള്ളി, അമ്മദ് പൊയിലങ്ങല്‍, കെ.കെ. കോയക്കുട്ടി, സി. മോഹനന്‍, പി.എം. മോഹനന്‍, ജലീല്‍ കുനിക്കാട്, മുഹമ്മദ് പാലക്കണ്ടി, ദാമോദരന്‍ കല്ലാത്തറ എന്നിവര്‍ ചടങ്ങില്‍ സംമ്പന്ധിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.