കാരയാട് കാളിയത്തുമുക്കില്‍ കണ്ടെത്തിയത് ശിലായുഗ മനുഷ്യരുടെ വൈദഗ്ധ്യത്തിന്റെ നേര്‍ച്ചിത്രം
പേരാമ്പ്ര: അരിക്കുളത്തെ കാരയാട് കാളിയത്തുമുക്കില്‍ കണ്ടെത്തിയ ചെങ്കല്‍ഗുഹയില്‍ പുരാവസ്തുവകുപ്പ് ആരംഭിച്ച ശാസ്ത്രീയപരിശോധന പൂര്‍ത്തിയായി. കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുഹയില്‍ പരിശോധന നടത്തിയത്.
കൃത്യമായ രീതിയില്‍ വെട്ടിയെടുത്ത ഗുഹയും അകത്തെ സൗകര്യങ്ങളും ഗുഹയില്‍നിന്ന് ലഭിച്ച മണ്‍പാത്രങ്ങളും മഹാശിലായുഗ മനുഷ്യരുടെ വൈദഗ്ധ്യത്തിനു തെളിവായാണ് വിലയിരുത്തപ്പെടുന്നത്. വീടു നിര്‍മിക്കുന്നതിനായി മണ്ണു നീക്കുന്നതിനിടെയാണ് ഗുഹ കണ്ടെത്തിയത്. ചതുരാകൃതിയിലുള്ള രണ്ട് അറകളോടുകൂടിയ ഗുഹയാണിത്. അറകളെ വേര്‍തിരിക്കുന്ന ചുമരില്‍ ചെറിയൊരു കിളിവാതിലുമുണ്ട്. രണ്ടിലും കട്ടിലുകളും അടുപ്പു കല്ലുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്. ഗുഹയ്ക്കകത്തുനിന്ന് വിവിധതരത്തിലുള്ള മണ്‍പാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണ ചെങ്കല്‍ഗുഹകളില്‍ കണ്ടുവരാറുള്ള ഇരുമ്പുപകരണങ്ങള്‍ ലഭിച്ചിട്ടില്ല.
ലഭ്യമായ മണ്‍പാത്രങ്ങള്‍ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയത്തിലേക്ക് മാറ്റി. മണ്‍പാത്രങ്ങളുടെ പ്രത്യേകതകള്‍ വിശദമായ പഠനത്തിന് വിധേയമാക്കുമെന്ന് കെ. കൃഷ്ണരാജ് പറഞ്ഞു. ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍ എന്നിവരും ഗുഹ സന്ദര്‍ശിച്ചിരുന്നു. ഇവിടെ കണ്ടെത്തിയ ഗുഹയുടെ നിര്‍മാണരീതികള്‍ മഹാശിലാ കാലത്തെ ജനതയുടെ വൈദഗ്ധ്യത്തിന്റെ തെളിവാണെന്നും അത് കൂടുതല്‍ പഠനത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും ഡോ. എം.ആര്‍. രാഘവവാരിയര്‍ അഭിപ്രായപ്പെട്ടു. നമ്പ്രത്തുകര ശ്രീവാസുദേവാശ്രമത്തിലെ സമാനരീതിയിലുള്ള ഗുഹകള്‍ പരിശോധിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍ പറഞ്ഞു.
ഓഗസ്റ്റ് ഏഴിനാണ് ഗുഹ കണ്ടെത്തിയത്. ഗുഹ കണ്ട ഉടനെ ജനങ്ങള്‍ ഇറങ്ങി പരിശോധിക്കുകയും മണ്‍പാത്രങ്ങള്‍ എടുത്തുമാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, ഗുഹയില്‍ വിശദമായ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഗുഹയുടെ സമീപത്തായി കാല്‍ക്കുഴികളും കണ്ടെത്തി.
മഹാശിലാസ്മാരകമായ ചെങ്കല്‍ഗുഹയുടെ സമീപത്ത് സാധാരണയായി ഇത്തരം കുഴികള്‍ കാണാറുണ്ട്. കേരളത്തിലെല്ലായിടത്തും ഇരുമ്പായുധങ്ങളോടു കൂടിയ മഹാശില സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മിക്കയിടത്തും കുന്നിന്‍ ചരിവുകളിലാണ് ഗുഹകള്‍ കണ്ടെത്തിയത്. സമീപത്തായി വയല്‍, തോടുകള്‍ എന്നിവയും ഉണ്ടാകും. മഹാശില കാലഘട്ടത്തില്‍ ആളുകള്‍ മരിച്ചു കഴിഞ്ഞാല്‍, ഗുഹവെട്ടി, മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം മണ്‍പാത്രങ്ങളും ഇരുമ്പും എല്ലാംവെച്ച് അടക്കം ചെയ്യാറുണ്ടായിരുന്നത്രെ.